തിരുവനന്തപുരം: ഹജ്ജ് യാത്രക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ കരിപ്പൂര്‍ വിമാനത്താവളത്തെയും ഉള്‍പ്പെടുത്തണം എന്ന ആവശ്യവുമായി ബിനോയ് വിശ്വം എംപി. ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്ത്താര്‍ അബ്ബാസ് നഖ്വിക്കും കേന്ദ്ര ഹജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോക്ടർ മഖ്സൂദ് അഹമദ് ഖാനും എംപി കത്തുകള്‍ അയച്ചു.
രാജ്യത്ത് തന്നെ ഏറ്റവും അധികം തീർത്ഥാടകർ ഹജ്ജിന് പുറപ്പെടുന്ന കേന്ദ്രങ്ങളില്‍ ഒന്നാണ് കരിപ്പൂര്‍. ഹജ്ജ് ഹൗസ് അടക്കമുള്ള വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍ അവിടെയുണ്ട്. അങ്ങനെയുള്ള കരിപ്പൂരിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് നീതീകരണമില്ലന്ന് ബിനോയ് വിശ്വം കത്തില്‍ പറഞ്ഞു.
ഹജ്ജ് യാത്രക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കിയെന്ന അറിയിപ്പ് വന്നതിന് പിന്നാലെ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. തീരുമാനം പുന:പരിശോധിക്കണമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദും ആവശ്യപ്പെട്ടിരുന്നു. കരിപ്പൂരിനെ തകര്‍ക്കാനുള്ള നീക്കമാണിതെന്നും കെപിഎ മജീദ് ആരോപിച്ചിരുന്നു.
കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍പ്പേര്‍ ഹജ്ജിന് പോകുന്ന കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്ക് സമീപത്തുള്ള വിമാനത്താവളത്തിന് അനുമതിയില്ലാത്തത് തീര്‍ത്ഥാടകര്‍ക്കും തിരിച്ചടിയാണ്. അതേസമയം ഇത്തവണ ഹജ്ജ് യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളുടെ പട്ടിക 10 ആക്കി ചുരുക്കിയ സാഹചര്യത്തിലാണിതെന്നാണ് ഹജ്ജ് കമ്മറ്റി അറിയിച്ചു.
വലിയ വിമാനങ്ങളാണ് ഹജ്ജിനായി സർവീസ് നടത്തുന്നത്. കരിപ്പൂര്‍ അപകടത്തിന് ശേഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ അനുമതി ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് കരിപ്പൂരിനെ ഒഴിവാക്കിയതെന്നുമാണ് അധികൃതരുടെ വിശദീകരണം.
Malabar News: വാക്സിനേഷൻ; ജില്ലയിൽ 9 കേന്ദ്രങ്ങൾ; കോവിഡ് നിയന്ത്രണങ്ങൾ തുടരണമെന്ന് നിർദ്ദേശം







































