അസ്താന: സ്വാതന്ത്ര്യം പ്രഖ്യാപിച്ച അവസാന സോവിയറ്റ് റിപ്പബ്ളിക് രാജ്യമായ കസാഖ്സ്ഥാൻ ബുർഖ (Kazakhstan Considers Burka Ban) നിരോധനം പരിഗണിക്കുന്നതായി റിപ്പോർട്.
ജനസംഖ്യയുടെ 72% ഇസ്ലാം മതം പിന്തുടരുന്ന രാജ്യം തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പൊതു ഇടങ്ങളിൽ ബുർഖ ധരിക്കുന്നത് നിരോധിക്കാൻ ആലോചിക്കുന്നത്. രാജ്യത്തിന്റെ കൾച്ചർ ആൻഡ് ഇൻഫർമേഷൻ മന്ത്രിയാണ് വിഷയത്തിൽ പ്രതികരിച്ചത്.
ശിരോവസ്ത്രങ്ങളും മറ്റു മതപരമായ വസ്ത്രങ്ങളും ധരിക്കുന്നത് നിരോധിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ‘‘അത്തരം നിയന്ത്രണങ്ങൾ പരിശോധിക്കും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതിനാലാണ് ഇത്തരം നിയമങ്ങൾ ലോകമെമ്പാടും നടപ്പിലാക്കുന്നത്. മുഖം മറച്ചിരിക്കുമ്പോൾ പൊതു ഇടങ്ങളിൽ വ്യക്തികളെ തിരിച്ചറിയുന്നത് വെല്ലുവിളി നിറഞ്ഞതാണ്’’–കസാഖ്സ്ഥാൻ മന്ത്രി ഐദ ബാലയേവ പറഞ്ഞു.
കസാഖ്സ്ഥാൻ കൾച്ചർ ആൻഡ് ഇൻഫർമേഷൻ മന്ത്രിയും കസാഖ്സ്ഥാൻ രാഷ്ട്രീയത്തിലെ സുപ്രധാന വനിതയുമാണ് ഐദ ബാലയേവ, മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അസ്താനയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിൽ മന്ത്രാലയം സജീവമായി ഇടപെടുമെന്നും സർക്കാരിതര സംഘടനകളുടെയും മതപണ്ഡിതർ ഉൾപ്പെടെയുള്ള വിദഗ്ധരുടെയും സഹകരണം തേടുമെന്നും ഇവർ കൂട്ടിച്ചേർത്തു. അതേസമയം, മുസ്ലിം കസാഖ് ഫാമിലിയിൽ നിന്നുള്ള രാജ്യത്തിന്റെ പ്രസിഡണ്ട് കാസിം ജോമാർട്ട് ടോകയേവ് വിഷയത്തിൽ ഇതുവരെ പ്രതികരിച്ചതായി കാണുന്നില്ല.

23 ശതമാനത്തിൽ കൂടുതൽ ക്രിസ്തുമതം അനുഷ്ഠിക്കുന്ന രാജ്യത്ത് 4% പേർ ഏതെങ്കിലും മതങ്ങളുമായി ബന്ധമില്ലാത്തവരാണ്. ചെറിയ ഒരു ശതമാനം ബുദ്ധമത വിശ്വാസികളും ഈ രാജ്യത്തുണ്ട്. മുസ്ലിം മതസംഘടനാ നേതാക്കൾ ഉൾപ്പടെ ഈ മതങ്ങളുടെയൊന്നും പ്രതിനിധികൾ വിഷയത്തിൽ പ്രതികരിച്ചതായി കാണുന്നില്ല.

എന്നാൽ കസാഖ്സ്ഥാൻ പ്രസിഡണ്ട് കാസിം ജോമാർട്ട് ടോകയേവ്, വ്യാഴാഴ്ച അധ്യാപകരെ അഭിസംബോധന ചെയ്യവെ രാജ്യത്തിന്റെ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന മതേതരത്വത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നു. വിദ്യാഭ്യാസമുൾപ്പെടെ എല്ലാ മേഖലകളിലും ഈ തത്വം കർശനമായി ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
MUST RAED | ഹിജാബ് മുഖംമൂടുന്ന ബുർഖയോ നിഖാബൊ അല്ല