തിരുവനന്തപുരം: അങ്കണവാടിയിലെ ഉപ്പുമാവ് കഴിച്ച് മടുത്തെന്നും ബിർണാണിം പൊരിച്ച കോഴിയും വേണമെന്നും ആവശ്യപ്പെട്ട ശങ്കു എന്ന കുഞ്ഞിനെ ആരും മറന്നിട്ടുണ്ടാവില്ല. ശങ്കുവിന്റെ ഈ ആവശ്യം സാധിച്ച് കൊടുത്തിരിക്കുകയാണ് വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്തെ അങ്കണവാടികളിൽ ഇനിമുതൽ പുതിയ മെനു ആയിരിക്കും.
പത്തനംതിട്ടയിൽ നടന്ന അങ്കണവാടി പ്രവേശനോൽസവത്തിന്റെ സംസ്‌ഥാനതല ഉൽഘാടനത്തിൽ അങ്കണവാടി കുട്ടികൾക്കുള്ള പരിഷ്‌കരിച്ച ‘മാതൃകാ ഭക്ഷണ മെനു’ മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്‌തു. പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി, പോഷക മാനദണ്ഡപ്രകാരം വളർച്ചയ്‌ക്ക് സഹായകമായ ഊർജവും പ്രോട്ടീനും ഉൾപ്പെടുത്തിയുള്ള ഭക്ഷണ മെനുവാണ് പരിഷ്‌കരിച്ചത്.
ഇതാദ്യമായാണ് ഏകീകൃത ഭക്ഷണ മെനു അങ്കണവാടികളിൽ നടപ്പിലാക്കുന്നത്. ശങ്കുവിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഭക്ഷണ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. തുടർന്ന് വനിതാ ശിശുവികസന വകുപ്പ് വിവിധ തലങ്ങളിൽ യോഗം ചേർന്നാണ് കുട്ടികളുടെ ആരോഗ്യം ഉറപ്പ് വരുത്തി ഭക്ഷണ മെനു പരിഷ്‌കരിച്ചത്.
മുട്ട ബിരിയാണി, പുലാവ് ഒക്കെ ഉൾപ്പെടുത്തിയാണ് പുതിയ മെനു. രണ്ടു ദിവസം വീതം നൽകിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസമാക്കി മാറ്റി. ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നൽകുക. ഓരോ വിഭവങ്ങൾ തയ്യാറാക്കുന്നതിനുള്ള ചേരുവകളും അവയിൽ അടങ്ങിയിരിക്കുന്ന ഊർജം, പ്രോട്ടീൻ എന്നിങ്ങനെ പോഷകമൂല്യവും ഉൾപ്പടെയുള്ള വിവരങ്ങളും ഭക്ഷണ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കായംകുളം പ്രയാർ കിണർമുക്കിലെ ഒന്നാം നമ്പർ അങ്കണവാടിയിൽ ശങ്കു എന്ന കുഞ്ഞാണ് ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും ആവശ്യപ്പെട്ടത്. കുഞ്ഞിന്റെ അമ്മ പകർത്തിയ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി. ഇതിന് പിന്നാലെയാണ് വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. അതേസമയം, മെനു പരിഷ്‌കരിച്ച വാർത്ത അറിഞ്ഞതിന് പിന്നാലെ പുതിയ വീഡിയോയുമായി ശങ്കു എത്തിയിട്ടുണ്ട്.
”വാർത്ത കണ്ടു. മന്ത്രി ആന്റി പറയുന്നത് കേട്ടു. ഒരുപാട് സന്തോഷം തോന്നി. ബിർണാണി കഴിക്കണമെന്നാണ് ആഗ്രഹം. ഏറ്റവും ഇഷ്‌ടം ബിർണാണി. മുട്ടയില്ലാത്ത ബിർണാണി. ഇന്നത്തെ അങ്കണവാടിയുടെ സമയം കഴിഞ്ഞു. കൂട്ടുകാരോട് ബിർണാണിയുടെ കാര്യം നാളെ പറയാം. ഉപ്പുമാവ് എനിക്ക് ഇഷ്‌ടമില്ല. ബിർണാണിയല്ലാതെ ചോറും കഞ്ഞിയും ഇഷ്‌ടമാണ്. ഉപ്പുമാവ് മാറ്റി ബിർണാണി ആക്കിയല്ലോ. ഞാൻ പറഞ്ഞിട്ടാണ് മന്ത്രി ആന്റി ബിർണാണി ആക്കിയതെന്ന് കൂട്ടുകാരോട് പറയും. ബിർണാണി വീഡിയോ കണ്ട് കൂട്ടുകാർ ഫോൺ വിളിച്ചിരുന്നു. മന്ത്രി ആന്റി വിളിച്ചില്ല. മന്ത്രി ആന്റിയെ നേരിട്ട് കണ്ട് താങ്ക്‌യൂ പറയാം”- ശങ്കു പറഞ്ഞു.
അങ്കണവാടിയിലെ പുതിയ മെനു
തിങ്കൾ: പ്രാതലിന് പാൽ, പിടി, കൊഴുക്കട്ട/ ഇലയട- ഉച്ചഭക്ഷണമായി ചോറ്, ചെറുപയർ കറി, ഇലക്കറി, ഉപ്പേരി/ തോരൻ- പൊതുഭക്ഷണമായി ധാന്യം, പരിപ്പ് പായസം.
ചൊവ്വ: പ്രാതലിന് ന്യൂട്രി ലഡു, ഉച്ചയ്‌ക്ക് മുട്ട ബിരിയാണി. മുട്ട പുലാവ്, ഫ്രൂട്ട് കപ്പ്, പൊതുഭക്ഷണമായി റാഗി അട.
ബുധൻ: പ്രാതലിന് പാൽ, പിടി, കൊഴുക്കട്ട/ ഇലയ, കടല മിഠായി, ഉച്ചയ്‌ക്ക് പയർ കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ ഫ്രൈ, പൊതുഭക്ഷണം ഇഡ്‌ഢലി, സാമ്പാർ, പുട്ട്, ഗ്രീൻപീസ് കറി.
വ്യാഴം: പ്രാതലിന് റാഗി, അരി-അട, ഇലയപ്പം, ഉച്ചയ്‌ക്ക് ചോറ്, മുളപ്പിച്ച ചെറുപയർ, ചീരത്തോരൻ, സാമ്പാർ, മുട്ട ഓംലറ്റ്, പൊതുഭക്ഷണമായി അവൽ, ശർക്കര, പഴം മിക്‌സ്.
വെള്ളി: പ്രാതലിന് പാൽ, കൊഴുക്കട്ട, ഉച്ചയ്‌ക്ക് ചോറ്, ചെറുപയർ കറി, അവിയൽ, ഇലക്കറി, തോരൻ, പൊതുഭക്ഷണമായി ഗോതമ്പ് നുറുക്ക് പുലാവ്.
ശനി: പ്രാതലിന് ന്യൂട്രി ലഡു, ഉച്ചയ്‌ക്ക് വെജിറ്റബിൾ പുലാവ്, മുട്ട, റൈത്ത, പൊതുഭക്ഷണമായി ധാന്യ പായസം.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ