തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. സർവീസ് വോട്ട് ഒഴിവാക്കി, പോസ്റ്റൽ വോട്ടുകൾ ഉൾപ്പടെ ആകെ പോളിങ് ശതമാനം 79.63 ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ അറിയിച്ചു.
വോട്ടിങ് യന്ത്രത്തിൽ മാത്രം 78.27 ശതമാനം പോളിങ് രേഖപ്പെടുത്തി. 1,13,03,410 സ്ത്രീകളും 99,40,379 പുരുഷൻമാരും 153 ഭിന്നലിംഗക്കാരും ഉൾപ്പടെ 2,12,43,942 പേരാണ് ആകെ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തിയത്.
അതിനൊപ്പം മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, അവശ്യ സർവീസുകാർ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള 3,68,153 വോട്ടുകൾ കൂടി ചേരുമ്പോഴാണ് (2,16,12,135) ആകെ ശതമാനം 79.63 ആയതെന്നും രത്തൻ കേൽക്കർ പറഞ്ഞു.
സർവീസ് വോട്ടുകളുടെ കണക്ക് ഇനി വരാനുണ്ടെന്നും പോളിങ് കണക്ക് പുറത്തുവിടാൻ വൈകിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. പോസ്റ്റൽ വോട്ടിന്റെ കണക്ക് സമാഹരിക്കാൻ മൂന്ന് ദിവസം മാത്രമാണ് എടുത്തതെന്നും 53,984 സർവീസ് വോട്ടർമാരുടെ കണക്ക് ഇനി വരാനുണ്ടെന്നും അത് ഇൻഡക്സ് കാർഡിലാണ് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് പതിറ്റാണ്ടിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. 1987ലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 80.54 ശതമാനമായിരുന്നു അന്നത്തെ പോളിങ്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ പോളിങ് ശതമാനം പുറത്തുവിട്ടിരുന്നില്ല. കണക്കുകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചിരുന്നു.
Most Read| ചരിത്രം കുറിച്ച് ആർട്ടെമിസ്-II ദൗത്യ സംഘം; സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി







































