മൽസര ചിത്രം തെളിഞ്ഞു, അങ്കം മുറുകി; കേരളം ഇനി പ്രചാരണ ചൂടിലേക്ക്

കേരളത്തിൽ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിലായി 890 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. സ്‌ഥാനാർഥിത്വത്തിനുള്ള പത്രികകൾ പിൻവലിക്കാനുള്ള നടപടികൾ ഇന്ന് പൂർത്തിയായതോടെയാണ് മൽസര രംഗത്തുള്ളവരുടെ അന്തിമമായ ചിത്രം തെളിഞ്ഞത്.

By Senior Reporter, Malabar News
kerala election
Rep. Image
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൽസര ചിത്രം തെളിഞ്ഞു. കേരളത്തിൽ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിലായി 890 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. സ്‌ഥാനാർഥിത്വത്തിനുള്ള പത്രികകൾ പിൻവലിക്കാനുള്ള നടപടികൾ ഇന്ന് പൂർത്തിയായതോടെയാണ് മൽസര രംഗത്തുള്ളവരുടെ അന്തിമമായ ചിത്രം തെളിഞ്ഞത്.

തിരുവനന്തപുരം, പേരാവൂർ മണ്ഡലങ്ങളിലാണ് ഏറ്റവുമധികം സ്‌ഥാനാർഥികൾ മൽസരിക്കുന്നത്. രണ്ടിടത്തും 11 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. മൂന്ന് മുന്നണികൾ മാത്രം മൽസരിക്കുന്ന മാനന്തവാടിയാണ് ഏറ്റവും കുറവ് സ്‌ഥാനാർഥികളുള്ള മണ്ഡലം. ഇന്നലെ സൂക്ഷ്‌മപരിശോധന കഴിഞ്ഞപ്പോൾ ആകെ 985 സ്‌ഥാനാർഥികളാണ് ഉണ്ടായിരുന്നത്.

ഇതിൽ നിന്ന് പത്രിക പിൻവലിക്കാനുള്ള അവസാന സമയം കഴിഞ്ഞപ്പോഴേക്കും സ്‌ഥാനാർഥികളുടെ എണ്ണം 890 ആയി കുറഞ്ഞു. പ്രമുഖ മുന്നണികളുടെ സ്‌ഥാനാർഥികളുടെയെല്ലാം പത്രികകൾ സ്വീകരിക്കപ്പെട്ടതോടെ ഡമ്മി സ്‌ഥാനാർഥികാൾ പത്രികകൾ പിൻവലിച്ചിരുന്നു. ഇതിനൊപ്പം ചില സ്വതന്ത്രരും, മഞ്ചേശ്വരത്തെ എസ്‌ഡിപിഐ സ്‌ഥാനാർഥിയും പത്രിക പിൻവലിച്ചു.

അന്തിമ സ്‌ഥാനാർഥി പട്ടിക ആയതോടെ സ്‌ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്‌നം അനുവദിക്കുന്നതിലേക്ക് കടന്നു. ഇതിൽ ആർഎംപി സ്‌ഥാനാർഥി കെകെ. രമയ്‌ക്ക് മുൻപ് മൽസരിച്ചിരുന്ന ഫുട്‍ബോൾ ചിഹ്‌നം അനുവദിച്ചില്ല. പകരം ടെലിവിഷനാണ് അനുവദിച്ചത്. ഇതിൽ ആർഎംപി പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

അതേപോലെ മന്ത്രി എകെ. ശശീന്ദ്രന് എൻസിപിയുടെ ക്‌ളോക്ക് ചിഹ്‌നം ഇത്തവണയില്ല. എതിർ സ്‌ഥാനാർഥി പികെ. ശശീന്ദ്രനാണ് ക്‌ളോക്ക് ചിഹ്‌നം ലഭിച്ചത്. എകെ. ശശീന്ദ്രന് ലഭിച്ചത് കാഹളം മുഴക്കുന്ന മനുഷ്യന്റെ ചിഹ്‌നമാണ്. ബേപ്പൂരിലെ യുഡിഎഫ് സ്‌ഥാനാർഥി പിവി. അൻവറിന് ഗ്യാസ് സിലിണ്ടർ ആണ് ചിഹ്‌നമായി അനുവദിച്ചത്. തൃണമൂൽ പാർട്ടിയിലാണെങ്കിലും തൃണമൂലിന്റെ ചിഹ്‌നം അൻവറിന് അനുവദിച്ചില്ല.

അതുപോലെ അമ്പലപ്പുഴയിലെ സ്‌ഥാനാർഥി ജി. സുധാകരന് തെങ്ങിൻ തോപ്പാണ് ചിഹ്‌നമായി അനുവദിച്ചത്. തിരുവനന്തപുരത്തെ സിഎംപി സ്‌ഥാനാർഥി സിപി. ജോണിന് കപ്പൽ ചിഹ്‌നമാണ് അനുവദിച്ചത്. എൽഡിഎഫ് സ്വതന്ത്രൻ സുധീർ കരമനയ്‌ക്ക് ക്യാമറയും അനുവദിച്ചു. പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്രൻ എൻഎംആർ. റസാഖിന് കുടം ചിഹ്‌നം നൽകി.

ഏപ്രിൽ ഒമ്പതിനാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. മേയ് നാലിന് ഫലമറിയാം. മൂന്നാം തുടർഭരണം ലക്ഷ്യമിട്ട് സർക്കാരിന്റെ പത്തുവർഷത്തെ ഭരണനേട്ടം പറഞ്ഞ് എൽഡിഎഫും തിരിച്ചുവരവിനൊരുങ്ങി യുഡിഎഫും കേരളത്തിൽ ഒരുമാറ്റം വേണമെന്ന് വാദിച്ച് എൻഡിഎയും കളംനിറയുകയാണ്. ഇനിയങ്ങോട്ട് കേരളത്തിൽ തീപാറും പ്രചാരണങ്ങളുടെ ദിനങ്ങളായിരിക്കും.

Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE