തിരുവനന്തപുരം: ഭോപ്പാലിൽ നടക്കുന്ന ദേശീയ അണ്ടർ 19 ബാഡ്‌മിന്റൻ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിന്റെ കായികതാരങ്ങൾ വിമാനത്തിൽ പോകും. വിമാന ടിക്കറ്റെടുക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് നിർദ്ദേശം നൽകി.
കായികതാരങ്ങൾക്ക് മന്ത്രി വിജയാംശംസകളും നേർന്നു. നാളെ 15 പേർ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും എട്ടുപേർ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഭോപ്പാലിലേക്ക് തിരിക്കും. 17ന് ഭോപ്പാലിൽ നടക്കുന്ന മൽസരത്തിൽ പങ്കെടുക്കാൻ 20 കായിക താരങ്ങൾക്കും ടീം മാനേജറും കോച്ചുമടക്കമുള്ള മറ്റു മൂന്നുപേർക്കും തേർഡ് എസി ടിക്കറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് എടുത്തു നൽകിയിരുന്നു.
ടിക്കറ്റ് കൺഫോം ചെയ്യാൻ മന്ത്രിമാരുടെയും എംപിമാരുടെയും എമർജൻസി ക്വാട്ടയിൽ അപേക്ഷ നൽകുകയും ചെയ്‌തു. എന്നാൽ, മുഴുവൻ ടിക്കറ്റുകളും കൺഫോം ആയില്ല. ഇതറിഞ്ഞ വകുപ്പ് മന്ത്രി കുട്ടികളെ വിമാനത്തിൽ അയക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ