തിരുവനന്തപുരം: ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള തുടർ പ്രവർത്തനങ്ങൾ എൽഡിഎഫ് സംഘടിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്‌ണൻ. വിജയം കണക്കിലെടുത്തു കൊണ്ട് എൽഡിഎഫ് പ്രവർത്തകർ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കുകയും ചെയ്യും. ഇത് സംബന്ധിച്ച് സിപിഎം സംസ്‌ഥാന കമ്മിറ്റി വരും ദിവസങ്ങളിൽ ചർച്ച ചെയ്യുകയും വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുമെന്ന് കോടിയേരി പറഞ്ഞു.
കേരളത്തിൽ ഇടതുവിരുദ്ധ മുന്നണി കാലാഹരണപ്പെട്ടു. അത്തരമൊരു മുന്നണിയുമായി നടക്കണോ എന്ന കാര്യം യുഡിഎഫ് ആലോചിക്കണം. കേരളത്തിൽ യുഡിഎഫ് എന്നുപറയുന്നത് ഒരു മാർക്‌സിസ്‌റ്റ് മുന്നണിയായിട്ടാണ് രൂപംകൊണ്ടതും പ്രവർത്തിക്കുന്നതും. അത്തരമൊരു മുന്നണിക്ക് ഇനി പ്രസക്‌തിയില്ല. അതിനാൽ, ഐക്യ ജനാധിപത്യ മുന്നണി ഇന്നത്തെ നിലയിൽ തുടരേണ്ട കാര്യമില്ലെന്നാണ് ജനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ നൽകിയ വിധിയെന്നും കോടിയേരി പറഞ്ഞു.
ഇന്നത്തെ വിധിയെഴുത്തിൽ നിന്ന് പാഠമുൾക്കൊള്ളാൻ യുഡിഎഫ് നേതൃത്വം തയ്യാറാകണം. അതേസമയം, ബിജെപിക്ക് കേരളത്തിൽ അവസരം കൊടുക്കില്ലെന്ന് ജനങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ശക്‌തമായ മതനിരപേക്ഷ ചരിത്രമുള്ള ഒരു സംസ്‌ഥാനമാണ് കേരളം. അത് തകർക്കാനുള്ള എല്ലാ ശ്രമങ്ങളും ആർഎസ്‌എസ് നടത്തുന്നുണ്ടെങ്കിലും അവർക്ക് കടന്നുകയറാനുള്ള സാഹചര്യം കേരളത്തിൽ ഒരുക്കില്ല എന്ന് ജനങ്ങൾ തെളിയിച്ചു. പ്രധാനമന്ത്രിയും രണ്ട് ഡസൻ മന്ത്രിമാരുമാണ് കേരളം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു കൊണ്ടിരുന്നത്.
ബിജെപിയുടെ അഖിലേന്ത്യാ നേതാക്കൻമാരെല്ലാം കേരളത്തിൽ തമ്പടിച്ച് പ്രവർത്തിച്ചു. കോടിക്കണക്കിന് രൂപ മണ്ഡലങ്ങളിൽ ചെലവഴിച്ചിട്ടും കേരളത്തിലെ മതനിരപേക്ഷ ചരിത്രം തകർക്കാൻ കഴിഞ്ഞില്ല എന്നത് ഏറെ അഭിമാനിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഒരിക്കൽ കൂടി പരാജയമറിഞ്ഞ് സുരേന്ദ്രൻ; ഇത്തവണ ഇരട്ട ആഘാതം







































