കൊൽക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. ജസ്റ്റിസ് കൗശിക് ചന്ദാണ് പിഴ വിധിച്ചത്. നന്ദിഗ്രാം മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാർഥിയായി മൽസരിച്ച സുവേന്ദു അധികാരിയുടെ വിജയം ചോദ്യം ചെയ്തുകൊണ്ട് മമതാ ബാനര്‍ജി സമര്‍പ്പിച്ച ഹരജിയുമായി ബന്ധപ്പെട്ടാണ് പിഴയടയ്ക്കാനുള്ള നടപടി. ഈ ഹരജിയടക്കമുള്ള കേസുകളില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് അറിയിച്ചു കൊണ്ടായിരുന്നു കൗശിക് ചന്ദ മമതക്കെതിരെ നടപടി സ്വീകരിച്ചത്.
തന്നെ അപകീർത്തിപ്പെടുത്താൻ ആസൂത്രിതമായ നീക്കങ്ങളുണ്ടായെന്ന് കൗശിക് ചന്ദ നിരീക്ഷിച്ചു. കൗശിക് ചന്ദക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നും അതിനാല്‍ തന്റെ ഹരജിയില്‍ നിഷ്പക്ഷമായി വാദം കേള്‍ക്കാനാകില്ലെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഈ കേസില്‍ വാദം കേള്‍ക്കാന്‍ മറ്റൊരു ജഡ്ജിനെ നിയമിക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.
സാധാരണ നിലയിൽ പിൻമാറൽ ആവശ്യം കോടതിയിലാണ് ഉന്നയിക്കുന്നത്. എന്നാൽ, തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുക്കൊണ്ട് ആക്ടിങ് ചീഫ് ജസ്റ്റിസിന് കത്ത് കൊടുക്കുകയായിരുന്നു മമതാ ബാനർജി. താൻ ഹരജി പരിഗണിക്കുന്നത് തടയാൻ, മാനസികമായി ബുദ്ധിമുട്ടിക്കുന്നത് അടക്കം ആസൂത്രിത ശ്രമങ്ങളുണ്ടായി. ഈ സാഹചര്യത്തിൽ മമതാ ബാനർജിക്ക് അഞ്ച് ലക്ഷം രൂപ പിഴയിടുകയാണെന്നും ജസ്റ്റിസ് കൗശിക് ചന്ദ വ്യക്തമാക്കി.
സംസ്ഥാന രാഷ്ട്രീയത്തിൽ ഉന്നത സ്ഥാനത്തുള്ളവരാണ് കേസിലെ കക്ഷികൾ. അവസരം മുതലെടുക്കുന്നവർ ജുഡീഷ്യറിയുടെ സംരക്ഷകരെന്ന മട്ടിൽ അവതരിച്ചിട്ടുണ്ട്. താൻ പിൻമാറിയില്ലെങ്കിൽ ഈ പ്രശ്നക്കാർ വിവാദം സജീവമാക്കി നിർത്തുമെന്നും ജസ്റ്റിസ് കൗശിക് ചന്ദ നിരീക്ഷിച്ചു.
ജൂൺ 16നാണ് മമത ജസ്റ്റിസ് കൗശിക് ചന്ദയെ മാറ്റണമെന്ന ആവശ്യവുമായി കത്തയക്കുന്നത്. അദ്ദേഹത്തിന് നേരത്തെ ബിജെപിയുമായി ബന്ധമുണ്ടായിരുന്നു എന്നും അതിനാല്‍ മറുഭാഗത്തോട് പക്ഷപാതം കാണിക്കാന്‍ സാധ്യതയുണ്ടെന്നും മമത കത്തില്‍ പറഞ്ഞിരുന്നു.
Most Read: ഫസല്‍ വധക്കേസ്; തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്