പാലക്കാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻ രക്ഷാ മരുന്നുകളും, ഓക്സിജൻ സിലിണ്ടറുകളും എത്തിക്കുന്നതിന് കെഎസ്ആർടിസി ഡ്രൈവർമാരും. ഓക്സിജൻ ടാങ്കറുകൾ സർവീസ് നടത്തുന്നതിനായി കെഎസ്ആർടിസി ഡ്രൈവർമാരുടെ സേവനം നാളെ മുതൽ ലഭ്യമാക്കുമെന്ന് സിഎംഡി ബിജു പ്രഭാകർ പറഞ്ഞു.
ആദ്യ ബാച്ചിലെ 35 പേർക്ക് നാളെ പാലക്കാട് മോട്ടോർ വാഹന വകുപ്പ് പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്ന ഡ്രൈവർമാരുടെ സേവനം രാത്രിയോടെ ഐഎൻഒഎക്സ് കമ്പനിയുടെ ഓക്സിജൻ ടാങ്കറിൽ ലഭ്യമാക്കും. സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും ഓക്സിജൻ സിലണ്ടറുകൾ എത്തിക്കാൻ സർക്കാർ ഒരുക്കിയ വാർ റൂമിൽ, ഡ്രൈവർമാരുടെ കുറവ് അനുഭവപ്പെടുമ്പോൾ കെഎസ്ആർടിസിയോട് സഹായം തേടിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
450ൽ അധികം പേരാണ് വിവിധ വിഭാഗങ്ങളിൽ നിന്നും സന്നദ്ധ സേവനത്തിനായി താൽപര്യം അറിയിച്ചത്. മേയ് 14ന് കൊച്ചിയിൽ നിന്നുള്ള 25 ഡ്രൈവർമാരെ പരിശീലനം നൽകി റിസർവായി വെക്കും. ഇവരെ വീണ്ടും അത്യാവശ്യം വരുന്ന സാഹചര്യത്തിൽ ഉപയോഗിക്കും. വിവിധ ജില്ലയിലെ കളക്ടറേറ്റുകളിൽ കെഎസ്ആർടിസി ജീവനക്കാർ ഡ്രൈവർമാരായും, മറ്റ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സേവനം നടത്തുന്നതായും സിഎംഡി അറിയിച്ചു.
Read Also: മൂന്നാറിലെ സിഎസ്ഐ ധ്യാനം; പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു








































