മൂന്നാർ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ മൂന്നാറിലെ സിഎസ്‌ഐ ധ്യാനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു. അമ്പലക്കാല ഇടവകയിലെ ഫാ. ബിനോകുമാർ ആണ് മരിച്ചത്. ഇതോടെ ധ്യാനത്തിൽ പങ്കെടുത്ത് കോവിഡ് ബാധിച്ചു മരിച്ച വൈദികരുടെ എണ്ണം മൂന്നായി.
കോവിഡ് ബാധിച്ചു കാരക്കോണം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയവേയാണ് ബിനോകുമാർ മരണപ്പെട്ടത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മൂന്നാറിൽ ധ്യാനം നടത്തിയതിനെതിരേ പോലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരത്ത് നിന്നെത്തിയ വൈദികരാണ് ധ്യാനത്തിലും യോഗത്തിലും പങ്കെടുത്തത്.
എന്നാൽ എത്ര പേർ പങ്കെടുത്തു എന്നതിന് വ്യക്‌തതയില്ല. സഭാ വിശ്വാസിയായ വിടി മോഹനൻ ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ 480 പേർ പങ്കെടുത്തിട്ടുണ്ടെന്നാണ് ആരോപിച്ചിരുന്നത്. ഏപ്രിൽ 13 മുതൽ 17 വരെയാണ് സിഎസ്ഐ ദക്ഷിണ കേരള മഹാ സഭ മുന്നാറിലെ സിഎസ്ഐ ചർച്ചിൽ വൈദികർക്കായി ധ്യാനം സംഘടിപ്പിച്ചത്.
കോവിഡ് കേസുകൾ വർധിച്ചതിനാൽ സംസ്‌ഥാന സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കിയതിന് തൊട്ടടുത്ത ദിവസങ്ങളിൽ ആയിരുന്നു ധ്യാനം. മുൻകൂട്ടി നിശ്‌ചയിച്ചത് പ്രകാരമാണ് ധ്യാനം നടത്തിയതെന്നാണ് സഭാ നേതൃത്വം അറിയിച്ചിരുന്നത്. എന്നാൽ നിരവധി പേർ പങ്കെടുത്ത യോഗം അനുമതി ഇല്ലാതെയാണ് നടത്തിയതെന്ന് ദേവികുളം സബ് കളക്‌ടർ വ്യക്‌തമാക്കിയിരുന്നു.
Also Read: കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകൾ 6-8 ആഴ്‌ചകൾ അടച്ചിടണം; ഐസിഎംആർ മേധാവി