ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകൾ 6 മുതൽ 8 ആഴ്‌ചകൾ വരെ അടച്ചിടണമെന്ന് ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) മേധാവി ഡോ. ബൽറാം ഭാർഗവ. രോഗവ്യാപനം തടയാൻ ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
രോഗ വ്യാപന നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരണമെന്ന് ഡോ. ബൽറാം ഭാർഗവ അറിയിച്ചു. രോഗ വ്യാപന നിരക്ക് 5-10 ശതമാനമായാൽ തുറന്നുകൊടുക്കാം. 6-8 ആഴ്‌ചക്കുള്ളിൽ രോഗ വ്യാപന നിരക്ക് കുറയാൻ സാധ്യതയില്ല. ഡെൽഹി ഉടൻ തുറക്കരുതെന്നും തുറന്നാൽ അത് വലിയ ദുരന്തത്തിന് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡെൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിൽ നിന്ന് 17 ശതമാനമായി കുറഞ്ഞിരുന്നു.
നിലവിൽ രാജ്യത്തെ ആകെയുള്ള 718 ജില്ലകളിൽ നാലിൽ മൂന്നിടത്തും പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. ന്യൂഡെൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളും ഇതിൽ ഉൾപ്പെടും. പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിന് മുകളിലുള്ള മേഖലകൾ അടച്ചിടണമെന്ന് ഏപ്രിൽ 15ന് ചേർന്ന നാഷണൽ ടാസ്‌ക് ഫോഴ്‌സ് യോഗവും നേരത്തെ ശുപാർശ ചെയ്‌തിരുന്നു.
Read also: ‘ബി.1.617 ഇന്ത്യൻ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ല’; കേന്ദ്രസർക്കാർ