തിരുവനന്തപുരം: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വികെ അബ്ദുൽ ഖാദർ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് കെടി ജലീൽ നടത്തിയ പ്രതികരണത്തിൽ വിമർശനവുമായി കെ മുരളീധരൻ എംപിയും എംകെ മുനീര്‍ എംഎൽഎയും. കെടി ജലീലിന്റെ സമനില തെറ്റിയെന്ന് കെ മുരളീധരൻ പറഞ്ഞു. ജലീലിന്റെ വായിൽ നിന്നും വരുന്നതിനെ മൂക്കറ്റം അഴിമതിയിൽ മുങ്ങിയ ഒരാളുടെ ജൽപനമായി കണ്ടാൽ മതി. ചേരാത്ത കുപ്പായമാണ് ഇപ്പോൾ ജലീൽ ധരിച്ചിരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ഭാവിയെ ബാധിക്കുമെന്നും കെ മുരളീധരൻ വിമർശിച്ചു.
അതേസമയം, ജലീലിന്റെ ആരോപണം രാഷ്ട്രീയത്തിന്റെ ഏറ്റവും തരംതാഴ്ന്ന പ്രവര്‍ത്തന രീതിയാണെന്ന് എംകെ മുനീര്‍ കുറ്റപ്പെടുത്തി. മരണത്തെ പോലും ദുരൂഹമാക്കുന്ന ജലീല്‍ ഫോറന്‍സിക് കാര്യങ്ങള്‍ ഏറ്റെടുത്ത പോലെയാണ് സംസാരിക്കുന്നതെന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും മുനീര്‍ പറഞ്ഞു. ജലീലിന് അങ്ങനെയൊരു വിലയിരുത്തല്‍ നടത്താനുള്ള ചേതോവികാരം മനസിലാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വികെ അബ്ദുൽ ഖാദർ മൗലവിയുടെ മരണത്തിന് എആർ നഗർ ബാങ്ക് ക്രമക്കേട് കാരണമായിട്ടുണ്ട് എന്നായിരുന്നു കെടി ജലീലിന്റെ പരാമർശം. പികെ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതാക്കളും നടത്തിയ കള്ളപ്പണ നിക്ഷേപത്തിന്റെ ആദ്യ രക്തസാക്ഷിയാണ് അബ്ദുൽ ഖാദർ മൗലവി. താനറിയാതെ തന്റെ പേരിൽ രണ്ട് കോടിയുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് അറിഞ്ഞതോടെയാണ് മൗലവി തളർന്നു പോയതെന്നും ജലീൽ ഒരു അഭിമുഖത്തിൽ ആരോപിച്ചിരുന്നു.
കള്ളപണ വിഷയത്തിൽ ഒന്നുമറിയാത്ത തന്റെ പേരും ഉൾപ്പെട്ടതിൽ മൗലവിക്ക് അതിയായ മാനസിക പ്രയാസമുണ്ടായെന്നും ഇതാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നും കെടി ജലീൽ ആരോപിച്ചിരുന്നു. ഐസ് ക്രീം പാര്‍ലര്‍ കേസില്‍ സംഭവിച്ചതുപോലെ എആര്‍ നഗര്‍ ബാങ്ക് കേസിലും ദുരൂഹമരണങ്ങള്‍ ഉണ്ടാകാമെന്ന് ആശങ്കപ്പെടുന്നതായും ജലീല്‍ പറഞ്ഞിരുന്നു.
സെപ്റ്റംബർ 24നാണ് അബ്ദുൽ ഖാദർ മൗലവി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ജുമുഅ നമസ്കാരം കഴിഞ്ഞ് കണ്ണൂർ താണയിലെ വീട്ടിലെത്തിയ ഉടന്‍ കുഴഞ്ഞുവീണ മൗലവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Most Read: സംസ്ഥാനത്തെ തിയേറ്റർ തുറക്കൽ; സർക്കാർ തീരുമാനത്തിന് എതിരെ ഐഎംഎ










































