കാസർഗോഡ്: കുമ്പള പഞ്ചായത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ സിപിഐഎം-ബിജെപി കൂട്ടുകെട്ടിനെതിരെ പ്രവർത്തകർക്കിടയിൽ തന്നെ പ്രതിഷേധം ശക്‌തമായ സാഹചര്യത്തിൽ ബിജെപി അംഗങ്ങൾ പഞ്ചായത്ത് സ്‌ഥിരം സമിതി അംഗത്വം രാജിവെച്ചു. സിപിഐഎം അംഗമായ കൊഗ്‌ഗു പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷ സ്‌ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ബിജെപി വാർത്താ സമ്മേളനം നടത്തി രാജി തീരുമാനം അറിയിച്ചത്.
ബിജെപിയുടെ ഒമ്പത് അംഗങ്ങളിൽ രണ്ട് സ്‌ഥിരം സമിതി അധ്യക്ഷൻമാരും ആറ് അംഗങ്ങളുമാണ് ഇന്നലെ രാജിവെച്ചത്. ഒരംഗം സ്‌ഥലത്ത് ഇല്ലാത്തതിനാൽ പിന്നീട് രാജിക്കത്ത് നൽകും. പഞ്ചായത്തിലെ നാല് സ്‌ഥിരം സമിതികളിൽ രണ്ടെണ്ണത്തിൽ ബിജെപിയും ഒന്നിൽ സിപിഎമ്മിനുമായിരുന്നു അധ്യക്ഷ സ്‌ഥാനം. അതേസമയം, എല്ലാ പ്രശ്‌നങ്ങളും സംസ്‌ഥാന സമിതിയിൽ ചർച്ച ചെയ്‌ത ശേഷം പരിഹരിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാർ പറഞ്ഞു.
ഇപ്പോൾ അടിയന്തിരമായി ചെയ്യേണ്ട കാര്യമെന്ന നിലക്കാണ് നേതൃത്വം ഇടപെട്ട് സ്‌ഥിരം സമിതി അധ്യക്ഷ സ്‌ഥാനം രാജിവെപ്പിച്ചതെന്നും ബാക്കി കാര്യങ്ങൾ പിന്നീട് പരിശോധിക്കുമെന്നും ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പറഞ്ഞു. ജില്ലയിലെ പാർട്ടി പ്രവർത്തകർ കൂട്ടരാജി ഉൾപ്പടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന ആശങ്ക നിലനിൽക്കുന്നതിനാലാണ് ബിജെപി നേതൃത്വം രാജി നടപടിയിലേക്ക് നീങ്ങിയത്.
സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നേരിട്ടെത്തി ചർച്ച നടത്തണമെന്നും, കുമ്പള പഞ്ചായത്തിലെ സിപിഐഎം കൂട്ടുകെട്ട് അവസാനിപ്പിച്ച് സംസ്‌ഥാന നേതൃത്വം മാപ്പ് പറയണമെന്നുമാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. കൂട്ടുകെട്ടിനെതിരെ രണ്ട് ദിവസം മുൻപ് ബിജെപി പ്രവർത്തകർ ജില്ലാ കമ്മിറ്റി ഓഫിസ് ഉപരോധിച്ചിരുന്നു. ജില്ലാ കമ്മിറ്റി ഓഫിസ് താഴിട്ട് പൂട്ടുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം അംഗമായ കൊഗ്‌ഗു പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷ സ്‌ഥാനം ഒഴിഞ്ഞത്. ബിജെപി പിന്തുണയോടെ ആയിരുന്നു കൊഗ്‌ഗു പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷ സ്‌ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
Most Read: കുഞ്ഞിന്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി; ട്യൂബ് വഴി ഭക്ഷണം നൽകി തുടങ്ങി








































