കോഴിക്കോട്: കേരളാ കോൺഗ്രസിന് നൽകിയ കുറ്റ്യാടി സീറ്റ് സിപിഐഎം തിരികെ ചോദിക്കില്ല. ജോസ് കെ മാണി വിട്ടുനല്‍കിയാല്‍ മാത്രം സീറ്റ് ഏറ്റെടുക്കുമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എന്നാൽ സിപിഐഎം പ്രാദേശിക ഘടകത്തിന്റെ പിന്തുണയില്ലാതെ കുറ്റ്യാടിയില്‍ മൽസരിക്കുക കേരളാ കോണ്‍ഗ്രസിന് ബുദ്ധിമുട്ടാകും. സ്‌ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രാദേശിക നേതാക്കള്‍ ജോസ് കെ മാണിയെ അറിയിച്ചു.
തര്‍ക്കം തുടരുന്നതിനിടെ ഇന്ന് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് നേതാക്കളുമായും ഇന്ന് സിപിഐഎം നേതൃത്വം ചര്‍ച്ച നടത്തും. പ്രവര്‍ത്തകരെ അനുനയിപ്പിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. അതേസമയം, കുറ്റ്യാടി മണ്ഡലത്തിലെ തര്‍ക്കം രമ്യമായി പരിഹരിക്കാൻ സാധിക്കുമെന്നാണ് ജോസ് കെ മാണിയുടെ നിലപാട്.
സീറ്റ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കിയതാണ്. പ്രഖ്യാപനങ്ങള്‍ വരുമ്പോള്‍ ചില പ്രതിഷേധങ്ങള്‍ വരും. ചര്‍ച്ച നടത്തി രമ്യമായി പരിഹരിക്കുമെന്നും ജോസ് കെ മാണി മാദ്ധ്യമങ്ങളോട് പറഞ്ഞു. രണ്ടാം തവണയും അണികൾ പാർട്ടി തീരുമാനത്തെ ചോദ്യം ചെയ്‌ത് പ്രകടനം നടത്തിയിരുന്നു. കുറ്റ്യാടിയില്‍ പാര്‍ട്ടി ചിഹ്‌നത്തില്‍ സ്‌ഥാനാർഥി ഇല്ലാത്തതാണ് അണികളുടെ പ്രതിഷേധത്തിന് കാരണം. സിപിഐഎം പതാകയേന്തിയാണ് സ്‍ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങിയത്.
Read also: പാർട്ടി വിരുദ്ധ പ്രവർത്തനം; പിറവത്ത് എൽഡിഎഫ് സ്‌ഥാനാർഥിയെ സിപിഎം പുറത്താക്കി







































