കുവൈത്ത് സിറ്റി/ തിരുവനന്തപുരം: കുവൈത്ത് മംഗഫലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ചികിൽസയിലുള്ള മലയാളികളെല്ലാം അപകടനില തരണം ചെയ്തു. ചികിൽസയിലുള്ള 14 മലയാളികളിൽ 13 പേർ നിലവിൽ വാർഡുകളിലാണ്. ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്.
14 മലയാളികൾ അടക്കം 31 ഇന്ത്യക്കാരാണ് വിവിധ ആശുപത്രികളിൽ ചികിൽസയിലുള്ളത്. അൽ ആദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്റ ഹോസ്പിറ്റൽ, ഫർവാനിയ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ചികിൽസയിൽ കഴിയുന്നത്. അതിനിടെ, ദുരന്തത്തിൽ മരിച്ച മലയാളികളിൽ നാലുപേരുടെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ 12 പേർക്കാണ് ജൻമനാട് വിട നൽകിയത്.
കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജിന്റെയും വിളച്ചിക്കാല സ്വദേശി ലൂക്കോസിന്റെയും സംസ്കാരം ഇന്ന് നടക്കും. സാജന്റെ സംസ്കാരം നരിക്കൽ മാർത്തോമാ ചർച്ച് സെമിത്തേരിയിലും ലൂക്കോസിന്റെ സംസ്കാരം വിളച്ചിക്കാല ഐപിസി സെമിത്തേരിയിലും നടക്കും. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന്റെയും കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെയും സംസ്കാരം ഇന്ന് നടക്കും. മൃതദേഹങ്ങൾ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രമുഖ മലയാളി വ്യവസായി ആയ കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയിലെ തൊഴിലാളി ക്യാമ്പിലായിരുന്നു ബുധനാഴ്ച പുലർച്ചെ തീപിടിത്തം ഉണ്ടായത്. അപകടത്തിൽ മരിച്ച 50 പേരെയും തിരിച്ചറിഞ്ഞു. ഷോർട്ട് സർക്യൂട്ടാണ്ത തീപിടിത്തത്തിന് കാരണമെന്നാണ് കുവൈത്ത് എൻഫോഴ്സിന്റെ അന്വേഷണ റിപ്പോർട്. ഗാർഡിന്റെ റൂമിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നും കണ്ടെത്തിയിട്ടുണ്ട്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ