കുവൈത്ത് സിറ്റി/ കൊച്ചി: കുവൈത്ത് മംഗഫലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിലെത്തിക്കും. മൃതദേഹങ്ങളുമായി വ്യോമസേനയുടെ സി 130ജെ വിമാനം കുവൈത്തിൽ നിന്ന് പുറപ്പെട്ടു. രാവിലെ പത്തരയോടെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നാണ് വിവരം.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. പ്രാദേശിക സമയം പുലർച്ചെ 1.15നാണ് 45 മൃതദേഹങ്ങളുമായി വിമാനം കുവൈത്തിൽ നിന്ന് പുറപ്പെട്ടത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും വിമാനത്തിലുണ്ട്. 31 ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിക്കുക. ഇതിൽ 23 മലയാളികളാണ്. 24 മലയാളികൾ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
ഇതിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി വർഷങ്ങളായി മുംബൈയിലാണ് താമസം. ഇദ്ദേഹത്തിന്റെ സംസ്കാര ചടങ്ങ് മുംബൈയിലാണ് നടക്കുന്നത്. കൊച്ചിയിൽ നിന്നും പ്രത്യേക ആംബുലൻസുകളിൽ മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കും. തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങളും കൊച്ചിയിൽ കൈമാറും. ഏഴ് തമിഴ്നാട്ടുകാരാണ് തീപിടിത്തത്തിൽ മരിച്ചത്. പിന്നീട് വിമാനം ഡെൽഹിയിലേക്ക് തിരിക്കും.
അതിനിടെ, തീപിടിത്തത്തിൽ 50 പേരുടെ മരണം സ്ഥിരീകരിച്ചതായി കുവൈത്തിലെ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു. പരിക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനാണ് മരിച്ചതെന്നാണ് റിപ്പോർട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആളെ തിരിച്ചറിയുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രമുഖ മലയാളി വ്യവസായി ആയ കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയിലെ തൊഴിലാളി ക്യാമ്പിലായിരുന്നു ബുധനാഴ്ച പുലർച്ചെ തീപിടിത്തം ഉണ്ടായത്.
അപകടത്തിൽ മരിച്ച 50 പേരെയും തിരിച്ചറിഞ്ഞു. ഇതിൽ 47 പേരും ഇന്ത്യക്കാരാണ്. മൂന്ന് പേർ ഫിലിപ്പീൻസിൽ നിന്നുള്ളവരാണ്. പരിക്കേറ്റ 27 പേരാണ് ആശുപത്രിയിൽ ഉള്ളതെന്നാണ് വിവരം. ഇതിൽ അഞ്ച് മലയാളികൾ അപകടനയില തരണം ചെയ്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകളും പ്രവാസി വ്യവസായികളും ഉൾപ്പടെ മരിച്ചവരുടെ കുടുംബത്തിന് 22 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ, കുവൈത്ത് സർക്കാരും സഹായം നൽകും.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ