ലഖ്‌നൗ: ലഖിംപൂര്‍ ഖേരി ആക്രമണത്തിൽ പ്രതികളായവരെ വെറുതെ വിടില്ലെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. പ്രതികളെ സംരക്ഷിക്കാൻ പദവിക്കോ സമ്മർദത്തിനോ കഴിയില്ല. ലഖിംപൂരിൽ നടന്നത് ദൗർഭാഗ്യകരമെന്നും കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു.
ലഖിംപൂര്‍ ഖേരി ആക്രമണത്തിൽ പ്രതികളെ അറസ്‌റ്റ് ചെയ്യാത്ത യുപി സർക്കാർ നടപടിയെ സുപ്രീം കോടതി ഇന്ന് രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയുടെ പ്രസ്‌താവന.
കൊലക്കേസ് പ്രതിയോട് എന്തിനാണ് ഇത്ര ഉദാരമായ സമീപനം സ്വീകരിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. കൊലപാതകത്തിന് കേസെടുത്തിട്ടും എന്തുകൊണ്ടാണ് കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ അറസ്‌റ്റ് ചെയ്യാത്തത്? മറ്റ് കൊലപാതക കേസുകളിലും നിങ്ങൾ പ്രതികളെ ഇതേ രീതിയിലാണോ പരിഗണിക്കാറ്? ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ ഞങ്ങൾ തൃപ്‌തരല്ല; സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.
എന്ത് സന്ദേശമാണ് യുപി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്? കേസില്‍ ഉള്‍പ്പെട്ടവര്‍ ഉന്നതരായതിനാല്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തിലും കാര്യമില്ല. കേസിലെ എല്ലാ തെളിവുകളും സംരക്ഷിക്കാന്‍ ഡിജിപിക്ക് കോടതി നിർദ്ദേശം നല്‍കി.
Most Read: മാർക്ക് ജിഹാദ് വിവാദം; ഒരു സംസ്‌ഥാനത്തോടും വിവേചനം കാണിച്ചിട്ടില്ലെന്ന് ഡെൽഹി സർവകലാശാല





































