എറണാകുളം : ക്വാറന്റെയ്ൻ നിയമങ്ങൾ ലംഘിച്ചതായി വ്യക്തമാക്കി ഐഷ സുൽത്താനക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ലക്ഷദ്വീപ് ഭരണകൂടം. ചോദ്യം ചെയ്യലിനായി ദ്വീപിലെത്താൻ കോടതി നൽകിയ ഇളവുകൾ ഐഷ ദുരുപയോഗം ചെയ്തുവെന്നും ഭരണകൂടം കോടതിയിൽ വ്യക്തമാക്കി. കൂടാതെ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ ഐഷ പാലിച്ചിട്ടില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച രേഖകളിൽ ദ്വീപ് ഭരണകൂടം അറിയിച്ചിട്ടുണ്ട്.
അതേസമയം രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യലിനായി ഐഷ സുൽത്താന ഇന്നും പോലീസിന് മുന്നിൽ ഹാജരായി. കൂടാതെ ഐഷയുടെ സാമ്പത്തിക ഇടപാടുകളും, ഫോൺ കോൾ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ മൂന്നാം തവണയാണ് രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരാകുന്നത്.
ഇന്നലെ 8 മണിക്കൂറോളമാണ് ഐഷയെ പോലീസ് ചോദ്യം ചെയ്തത്. ചാനൽ ചർച്ചക്കിടെ ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ബയോവെപ്പൺ എന്ന പദം പ്രയോഗിച്ചതിനാണ് ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹത്തിന് പോലീസ് കേസെടുത്തത്. തുടർന്ന് ബോധപൂർവം നടത്തിയ പ്രസ്താവനയല്ലെന്നും, പിന്നീട് തെറ്റ് തിരുത്തി രംഗത്തെത്തിയെന്നുമാണ് ഐഷ സുൽത്താന വ്യക്തമാക്കിയത്.
Read also : ‘ഡോക്ടർക്കൊപ്പം’; പ്രതിയായ പോലീസുകാരനെ സംരക്ഷിക്കില്ലെന്ന് ആരോഗ്യമന്ത്രി







































