തിരുവനന്തപുരം: സംസ്‌ഥാനത്തെ ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌ക്കരണത്തിൽ പ്രതിഷേധിച്ച് പണിമുടക്കിനൊരുങ്ങി ഡ്രൈവിങ് സ്‌കൂളുകൾ. നാളെ മുതൽ അനിശ്‌ചിത കാലത്തേക്ക് സ്‌കൂൾ ഉടമകൾ പണിമുടക്ക് പ്രഖ്യാപിച്ചു. പരിഷ്‌ക്കരണം നടപ്പിലാക്കുന്നതിനായി ഇറക്കിയ സർക്കുലർ പിൻവലിക്കണമെന്നാണ് ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ ആവശ്യം.
അതേസമയം, പുതിയ ഡ്രൈവിങ് ലൈസൻസ് പരിഷ്‌ക്കരണം ബഹിഷ്‌കരിക്കുമെന്ന് സിഐടിയുവും നേരത്തെ അറിയിച്ചിരുന്നു. ഡ്രൈവിങ് പരീക്ഷ ഉൾപ്പടെ നടത്താൻ അനുവദിക്കില്ലെന്നാണ് സിഐടിയു നിലപാട്. പ്രതിഷേധം തണുപ്പിക്കാൻ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സമരവുമായി സംഘടന മുന്നോട്ട് പോവുകയാണ്.
പ്രതിദിനം 30 ലൈസൻസ് പരീക്ഷകൾ, ‘H’ പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്‌റ്റ്, 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ടെസ്‌റ്റിന് ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ പരിഷ്‌ക്കരണങ്ങൾ മേയ് രണ്ടുമുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു ഗതാഗത മന്ത്രിയുടെ നിർദ്ദേശം. പുതിയ ട്രാക്കൊരുക്കാൻ ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കിയെങ്കിലും ഇതുവരെ പുതിയ ട്രാക്കുകൾ ഉണ്ടാക്കിയുമില്ല.
ട്രാക്കൊരുക്കത്തെ പരിഷ്‌ക്കാരത്തെ തടയാനായിരുന്നു ഡ്രൈവിങ് സ്‌കൂളുകളുടെ നീക്കം. എന്നാൽ, ചില ഇളവുകൾ വരുത്തി പരിഷ്‌ക്കരണം തുടരാൻ മന്ത്രി തീരുമാനിച്ചു. പ്രതിദിനം 30ൽ നിന്ന് 60 ടെസ്‌റ്റ് ആക്കി ഉയർത്തി, പുതിയ ട്രാക്ക് ഒരുക്കുന്നത് വരെ ‘H’ ടെസ്‌റ്റ് തുടരും. ‘H’ ടെസ്‌റ്റിന് മുൻപ് റോഡ് ടെസ്‌റ്റ് നടത്തണം തുടങ്ങിയ ക്രമീകരണങ്ങളാണ് തുടരുന്നത്.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി