തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ പ്രതീക്ഷകള്‍ സജീവമാക്കി മൂന്ന് മുന്നണികളും പോരാട്ടത്തിന് ഇറങ്ങുന്നു. സംസ്ഥാനത്ത് വലിയ നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് പ്രതികരിച്ചു. നിലവിലുള്ള വിവാദങ്ങള്‍ ജനങ്ങള്‍ നിരാകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ അംഗീകാരം നല്‍കും. മുന്നണി വിപുലീകരണം നടത്തിയ ശേഷമുള്ള തിരഞ്ഞെടുപ്പ് ആയതിനാല്‍ വലിയ നേട്ടമുണ്ടാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. യുഡിഎഫിന്റെ വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം ജനങ്ങള്‍ തിരിച്ചറിയും. ബിജെപിയുമായും യുഡിഎഫ് സഖ്യമുണ്ടാക്കുമെന്ന് വിജയരാഘവന് കുറ്റപ്പെടുത്തി.
സംസ്ഥാനം യുഡിഎഫ് തൂത്തുവാരും എന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. നിലവില്‍ രാഷ്ട്രീയാന്തരീക്ഷം യുഡിഎഫിന് അനുകൂലമാണ്. ഇടത് സര്‍ക്കാര്‍ ഓരോ ദിവസം കഴിയുന്തോറും വഷളാവുകയാണ്. അധോലോക പ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന സര്‍ക്കാരാണിത്. ചെന്നിത്തല ആരോപിച്ചു.
ഇടത്-വലത് മുന്നണികള്‍ക്കൊപ്പം തന്നെ എന്‍ഡിഎയും വലിയ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ ഇക്കുറി നോക്കി കാണുന്നത്. ബിജെപിക്ക് ഏറ്റവും നല്ല സാഹചര്യങ്ങളാണ് ഇവിടെയുള്ളതെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു.
യുഡിഎഫും എല്‍ഡിഎഫും ഒരുപോലെയാണ്. അതിനാല്‍ ഇക്കുറി ബിജെപി കൂടുതല്‍ നേട്ടമുണ്ടാക്കും. സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
Read Also: ശാന്തികവാടത്തിലെ ചടങ്ങുകൾ ഇനി തൽസമയം കാണാം; ലൈവ് സ്ട്രീമിങ് സംവിധാനം ഉൽഘാടനം ചെയ്തു







































