കോഴിക്കോട്: മലിനജല സംസ്കരണ പ്ളാന്റ് സ്ഥാപിക്കുന്നതിനെതിരെ കോഴിക്കോട് പ്രതിഷേധം. പ്ളാന്റിനെതിരെ സംഘടിച്ച നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ഹൈക്കോടതി അനുമതിയോടെ സ്ഥലത്ത് പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥർക്കെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചത്.
ഉദ്യോഗസ്ഥർ സ്ഥലം അളക്കാൻ രാവിലെ തന്നെ എത്തിയിരുന്നു. പിന്നാലെ പ്രദേശവാസികൾ പ്രതിഷേധവുമായി എത്തി. ആദ്യ ഘട്ടത്തിൽ 35 ഓളം വരുന്ന പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
പിന്നീട് ഭൂമി അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷം അതിർത്തി വേലി സ്ഥാപിക്കുന്നതിനായി വാഹനുവുമായി എത്തിയപ്പോൾ നാട്ടുകാർ വാഹനം തടയുകയായിരുന്നു. തുടർന്നുണ്ടായ ഉന്തിലും തള്ളിലും ഒരു സ്ത്രീ റോഡിൽ വീണു. തുടർന്ന് പോലീസ് പ്രതിഷേധക്കാരെ വീണ്ടും അറസ്റ്റ് ചെയ്ത് നീക്കി. പോലീസ് ഇടപെട്ട് സർക്കാർ വാഹനം കടത്തിവിടുകയും ചെയ്തു.
കല്ലായി പുഴയോരത്ത് മലിനജല പ്ളാന്റ് സ്ഥാപിക്കുന്നതിന് എതിരെയാണ് പ്രതിഷേധം. ജനങ്ങൾ തിങ്ങിപ്പാർക്കുന്നയിടത്ത് പ്ളാന്റ് സ്ഥാപിക്കരുതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. എന്നാൽ മലിനജല സംസ്കരണ പ്ളാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തിയത്.
Most Read: ലൈംഗിക പീഡനക്കേസ്; വിജയ് ബാബു ഒളിവിലെന്ന് കൊച്ചി ഡിസിപി







































