കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തില്‍ അധികാര ദുര്‍വിനയോഗം നടത്തിയെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന് എതിരായ ഹരജി ലോകായുക്‌ത ഇന്ന് പരിഗണിക്കും. നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് മന്ത്രി അയച്ച കത്തുകളുടെ അനുബന്ധ ഫയലുകള്‍ ഇന്ന് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ലോകയുക്‌ത ജസ്‌റ്റിസ് സിറിയക് ജോസഫും ഉപലോകായുക്‌ത ജസ്‌റ്റിസ് ഹാറൂണ്‍ ആര്‍ റഷീദും തുടര്‍ വാദം കേള്‍ക്കും. ഓണ്‍ലൈയിനായാണ് കേസ് കോടതി പരിഗണിക്കുന്നത്.
മന്ത്രിയുടെ ശുപാര്‍ശയുടെ അടിസ്‌ഥാനത്തില്‍ സെര്‍ച്ച് കമ്മിറ്റി പിന്‍വലിച്ച് വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് ചട്ടവിരുദ്ധമായി പുനര്‍നിയമനം നല്‍കിയെന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച പരാതി.
നിയമനവുമായി ബന്ധപ്പെട്ട ഫയലിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം ഗവര്‍ണറുടെ ഓഫിസില്‍ നിന്ന് തനിക്ക് ലഭ്യമാകാത്തതുകൊണ്ട് ഈ രേഖകൾ കോടതി വിളിച്ചു വരുത്തണമെന്ന് രമേശ് ചെന്നിത്തല ഉപഹരജി ഫയല്‍ ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആറ്റോര്‍ണി ടിഎ ഷാജിയോട് സര്‍ക്കാരിന്റെ കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്‌ത നിര്‍ദ്ദേശം നല്‍കിയത്.
അതേസമയം ഹരജിയില്‍ ഇടപെടാന്‍ കഴിയുമോ എന്ന സംശയം നേരത്തേ ലോകായുക്‌ത പ്രകടിപ്പിച്ചിരുന്നു. ഡോ. ആര്‍ ബിന്ദു കത്തെഴുതിയത് മന്ത്രി എന്ന നിലയിലാണോ പ്രോ ചാന്‍സലര്‍ എന്ന നിലയിലാണോ എന്നത് വ്യക്‌തമാക്കണം. പ്രൊ ചാന്‍സലര്‍ പദവിയിലാണ് ശുപാര്‍ശകളെങ്കില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ലോകായുക്‌ത നേരത്തെ വ്യക്‌തമാക്കിയിരുന്നു.
Most Read: നടിയെ ആക്രമിച്ച കേസ്; ഫോണുകൾ പരിശോധനയ്‌ക്ക് അയക്കുന്നതില്‍ വിധി ഇന്ന്








































