ന്യൂ ഡെൽഹി: ഇലക്‌ട്രോണിക് മാദ്ധ്യമങ്ങൾക്ക് മുമ്പായി ഡിജിറ്റൽ മീഡിയയെ നിയന്ത്രിക്കുന്ന കാര്യം സുപ്രീം കോടതി പരിശോധിക്കേണ്ടതുണ്ടെന്ന് കേന്ദ്ര സർക്കാർ. ജനങ്ങൾക്കിടയിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നത് ഡിജിറ്റൽ മീഡിയയാണെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സർക്കാർ സേവനങ്ങളിൽ ‘മുസ്‌ലിംകൾ നുഴഞ്ഞുകയറുന്നു’ എന്ന് ആരോപിക്കുന്ന സ്വകാര്യ ചാനലായ സുദർശൻ ടിവിയുടെ പരിപാടിക്കെതിരായ കേസുമായി ബന്ധപ്പെട്ടാണ് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
“വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ ആപ്ലിക്കേഷനുകൾ കാരണം ഡിജിറ്റൽ മീഡിയക്ക് അതിവേഗം ആളുകളിൽ എത്തിച്ചേരാനും വൈറലാകാനും സാധിക്കും, ഗുരുതരമായ സ്വാധീനം ചെലുത്താനും ഡിജിറ്റൽ മീഡിയക്ക് സാധിക്കും. അതിനാൽ കോടതി ആദ്യം ഡിജിറ്റൽ മീഡിയക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കണം,”- കേന്ദ്രം സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഇലക്‌ട്രോണിക് മാദ്ധ്യമങ്ങൾക്കും അച്ചടി മാദ്ധ്യമങ്ങൾക്കും മതിയായ ചട്ടക്കൂടുകളും നിയന്ത്രണങ്ങളും ഉണ്ടെന്നും സർക്കാർ പറഞ്ഞു.
യു.പി.എസ്.സിയിലേക്ക് മുസ്‌ലിംകൾ നുഴഞ്ഞുകയറുന്നു എന്ന് ആരോപിക്കുന്നതായിരുന്നു സുദർശൻ ടി.വി സംപ്രേഷണം ചെയ്യാനിരുന്ന വാർത്താധിഷ്ഠിത പരിപാടി. എന്നാൽ, ഇത് മുസ്‌ലിം സമുദായത്തെ അപമാനിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയ കോടതി പരിപാടി സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് ചാനലിനെ വിലക്കി. ഒരു സമുദായത്തെ ലക്ഷ്യം വെക്കാനും പ്രത്യേക രീതിയിൽ മുദ്രകുത്താനും കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
ഒരു സമുദായത്തെയോ വ്യക്തിയോ ലക്ഷ്യം വെച്ച് അപകീർത്തിപ്പെടുത്താൻ മാദ്ധ്യമങ്ങൾക്കുള്ള ശക്തി വളരെ വലുതാണ്. എന്നാൽ ടി.ആർ.പി റേറ്റിംഗ് മാത്രം നോക്കി പരിപാടികൾ നിർമ്മിക്കരുത്. ഇത് സെൻസേഷണലിസത്തിലേക്കാണ് നയിക്കുന്നത്. അതിലൂടെ വ്യക്തികളുടെയും സമുദായത്തിന്റെയും സൽപ്പേര് കളങ്കപ്പെടുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
Sports News: ഐപിഎല്ലിലെ ഏറ്റവും സുന്ദരമായ കാഴ്‌ച ധോണിയുടെ തിരിച്ചുവരവ്; സേവാഗ്