പൊതുമേഖലാ എണ്ണക്കമ്പനികൾ വാണിജ്യാവശ്യത്തിനുള്ള (19 കിലോഗ്രാം) എൽപിജി സിലിണ്ടർ വില വീണ്ടും കുത്തനെ കൂട്ടി. ഇന്ന് പ്രാബല്യത്തിൽ വന്ന വിധം 195.50 രൂപയാണ് ഉയർത്തിയത്. ഇതോടെ കൊച്ചിയിൽ വില 2092 രൂപയായി. കോഴിക്കോട്ട് 2214.5 രൂപയാണ്. തിരുവനന്തപുരത്ത് 2113 രൂപ.
കഴിഞ്ഞ ഏഴിന് 115 രൂപയും കൂട്ടിയിരുന്നു. വീട്ടാവശ്യത്തിനുള്ള ഉപയോഗിക്കുന്ന സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില തൽക്കാലം കൂട്ടിയിട്ടില്ലെന്നത് സാധാരണക്കാർക്ക് ആശ്വാസമാണ്. എന്നാൽ, മാർച്ച് ഏഴിന് ഈ സിലിണ്ടറിന്റെ വിലയും 60 രൂപ വർധിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് 922 രൂപയും കൊച്ചിയിൽ 920 രൂപയും കോഴിക്കോട്ട് 921.5 രൂപയുമാണ് വില.
വാണിജ്യ സിലിണ്ടറുകളുടെ വിതരണം ഇനിയും സാധാരണ നിലയിൽ ആയിട്ടില്ലാത്തതിനാൽ കേരളത്തിൽ 50% ഹോട്ടലുകളും അടഞ്ഞുകിടപ്പാണ്. ബാക്കിയുള്ള ഹോട്ടലുകൾ പ്രവൃത്തിക്കുന്നുണ്ടെങ്കിലും സിലിണ്ടർ ക്ഷാമം സാരമായി ബാധിക്കുന്നുണ്ട്.
പശ്ചിമേഷ്യയിലെ യുദ്ധം ഊർജ വിതരണ ശൃംഖലയെ തടസപ്പെടുത്തിയതിനെ തുടർന്ന് ആഗോള തലത്തിൽ എണ്ണവില 50 ശതമാനം ഉയർന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾ യാത്ര തടസപ്പെടുത്തിയതിനെ തുടർന്നാണിത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ അനുസരിച്ച് എല്ലാമാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ വില പുനർനിർണയിക്കുന്നത്.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ









































