ന്യൂഡെൽഹി: ബെംഗളൂരു സ്ഫോടനക്കേസിലെ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി പിഡിപി നേതാവ് അബ്ദുൽ നാസർ മഅദ്നി സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
കഴിഞ്ഞ തവണ ഹരജി പരിഗണിക്കവെ അഭിഭാഷകനായിരിക്കെ മഅദ്നിക്ക് വേണ്ടി കോടതിയിൽ ഹാജരായിട്ടുണ്ടോയെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് ഹരജി പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയത്. ഇന്ന് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയേക്കും.
ബെംഗളൂരു നഗരത്തിന് പുറത്തുപോകാൻ പാടില്ലെന്ന വ്യവസ്ഥയിൽ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നൽകിയിരിക്കുന്നത്. ഒച്ചിഴയുന്ന വേഗതയിലാണ് വിചാരണയുടെ പോക്ക്. ബംഗളൂരുവിലെ വിചാരണ കോടതിയിൽ ജഡ്ജിയും ഇല്ല എന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യ അവസ്ഥയും ബെംഗളൂരുവിൽ തുടരുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ടും ഹരജിയിൽ പരാമർശിക്കുന്നുണ്ട്. അതേസമയം, മഅദ്നി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്നും കഴിഞ്ഞ തവണ ഹരജി പരിഗണിക്കവെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പറഞ്ഞിരുന്നു. 2014 ജൂലൈയിലാണ് സുപ്രീം കോടതി മഅദ്നിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
Also Read: ലോകായുക്ത ഉത്തരവ് ഇന്ന് സർക്കാരിന് കൈമാറും; ജലീൽ ഹൈക്കോടതിയിലേക്ക്







































