ഭോപ്പാൽ: ബിജെപിക്കും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ആശ്വാസം നൽകുന്നതാണ് പുറത്തുവരുന്ന മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പ് ഫലസൂചനകൾ. ഇതുവരെയുള്ള കണക്കനുസരിച്ച് ഉപതിരഞ്ഞെടുപ്പ് നടന്ന 28 സീറ്റുകളിൽ 20 എണ്ണത്തിൽ ബിജെപി മുന്നിട്ടു നിൽക്കുകയാണ്. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ തന്നെ പല മണ്ഡലങ്ങളിലും വ്യക്‌തമായ ലീഡ് നേടിയ ബിജെപിക്ക് അവ നിലനിർത്താനും സാധിച്ചു.
അതേസമയം, ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ നിന്ന കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ഫലസൂചനകൾ നൽകുന്നത്. കോൺഗ്രസ് ഏഴു സീറ്റുകളിലാണ് മുന്നിട്ടു നിൽക്കുന്നത്. ബി എസ് പി ഒരു സീറ്റിൽ മുന്നിട്ടു നിൽക്കുന്നു.
മധ്യപ്രദേശ് ഭരണത്തിന്റെ ഭാവി തീരുമാനിക്കുന്ന ഉപതിരഞ്ഞെടുപ്പാണ് ഇത്. ഒപ്പം കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിൽ ചേക്കേറിയ ജോതിരാദിത്യ സിന്ധ്യയുടെ രാഷ്‌ട്രീയ ഭാവിയിലും ഏറെ നിർണ്ണായകമാണ്. ഇതുവരെ പുറത്തുവരുന്ന കണക്കുകൾ നൽകുന്ന സൂചന സിന്ധ്യക്ക് ആശ്വാസം നൽകുന്നതാണ്.
കഴിഞ്ഞ മാർച്ചിൽ ജോതിരാദിത്യ സിന്ധ്യാ പക്ഷക്കാരായ 25 അംഗങ്ങൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതോടെയാണ് മധ്യപ്രദേശിൽ ഇത്രയധികം സീറ്റുകളിൽ ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. 230 അംഗ നിയമസഭയിൽ 83 എംഎൽഎമാർ മാത്രമാണ് കോൺഗ്രസിനുള്ളത്. ചുരുങ്ങിയത് 21 സീറ്റെങ്കിലും നേടിയാലേ കോൺഗ്രസിന് വീണ്ടും അധികാരത്തിലെത്താൻ സാധിക്കൂ. അതേസമയം 109 സീറ്റുള്ള ബിജെപിക്ക് കുറഞ്ഞത് 9 സീറ്റുകൾ കൂടിയുണ്ടെങ്കിൽ ഭരണം നിലനിർത്താം.
Also Read: ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ്; എട്ടില്‍ ഏഴിലും ബിജെപി മുന്നേറ്റം







































