മുംബൈ: കോവിഡ് വ്യാപനത്തിനിടെ മാസ്ക് ഒഴിവാക്കാനുള്ള നടപടികളിലേക്ക് കടന്ന് മഹാരാഷ്ട്ര. ഇത് സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന കോവിഡ് ടാസ്ക് ഫോഴ്സുകളിൽ നിന്ന് നിർദ്ദേശങ്ങൾ തേടിയതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു.
കോവിഡിനെതിരായ ഏറ്റവും മികച്ച പ്രതിരോധ മാർഗമായി ഉയർന്നുവന്ന മാസ്ക് ധരിക്കൽ നിർത്താൻ നിലവിൽ പല രാജ്യങ്ങളും പൗരൻമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ മാസ്ക് ഒഴിവാക്കുന്നതിനെ സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. യുകെ അടക്കമുള്ള വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരോട് മാസ്ക് ധരിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവർ അങ്ങനെയൊരു നടപടിയിലേക്ക് കടന്നതിനെ കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര സംസ്ഥാന കോവിഡ് ടാസ്ക് ഫോഴ്സുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
56 ദിവസങ്ങൾക്ക് ശേഷം മുംബൈയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിലേക്ക് എത്തിയിരുന്നു. എന്നാൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായിട്ടില്ല. മുംബൈയിൽ നേരത്തെ ടിപിആർ 25 ശതമാനം വരെ എത്തിയിരുന്നു. നിൽവിൽ മഹാരാഷ്ട്രയിൽ പതിനായിരത്തിൽ താഴെയാണ് പ്രതിദിന കോവിഡ് കേസുകൾ. വ്യാഴാഴ്ച 6248 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട് ചെയ്തത്. മുംബൈയിൽ 429 കേസുകളും റിപ്പോർട് ചെയ്യപ്പെട്ടു.
Also Read: വ്യാജ ക്യുആർ കോഡുകൾ ഉപയോഗിച്ച് തട്ടിപ്പ്; വ്യാപാരികൾക്ക് പണം നഷ്ടമായി






































