തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി ഇനിയൊരു സീറ്റ് നൽകിയാൽ ഇത്തവണ മൽസരിക്കില്ലെന്ന് രാജിവെച്ച മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ്. തനിക്ക് സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ല, ഭാവി പരിപാടികൾ എന്താണ് എന്നത് സംബന്ധിച്ച നിർണായക തീരുമാനം ഇന്നുണ്ടാകുമെന്നും ലതിക സുഭാഷ് പറഞ്ഞു.
പിസിസി പ്രസിഡണ്ട് ഫോൺ പോലും എടുത്തില്ല. ഏറ്റുമാനൂർ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു. ഇവിടെ സീറ്റ് കിട്ടിയില്ലെങ്കിലും വൈപ്പിനിൽ മൽസരിക്കാൻ തയാറായിരുന്നു, എന്നാൽ അതും നടന്നില്ല- ലതിക പറയുന്നു.
കോൺഗ്രസ് സ്‌ഥാനാർഥി പട്ടികയിൽ ഇടമില്ലെന്ന് ഉറപ്പായതോടെ അങ്ങേയറ്റം വൈകാരിക പ്രതിഷേധവുമായി കഴിഞ്ഞ ദിവസം ലതികാ സുഭാഷ് കെപിസിസി ഓഫീസിന് മുന്നിൽ എത്തിയിരുന്നു. പല പദവികളിലായി പതിറ്റാണ്ടുകൾ നീണ്ട പ്രവർത്തനങ്ങളെല്ലാം എണ്ണിപ്പറഞ്ഞ ലതിക മാദ്ധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പി കരഞ്ഞു. പാർട്ടി ആസ്‌ഥാനമായ ഇന്ദിരാഭവന് മുന്നിൽ വെച്ച് തലമുണ്ഡനംചെയ്യുകയും മഹിളാ കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം രാജിവെക്കുകയും ചെയ്‌തു.
കേരളം ഇന്നു വരെ കാണാത്ത തരം പ്രതിഷേധം നടത്തിയ ലതിക തലമുണ്ഡനം ചെയ്യുന്നത് ദേശീയ വാർത്താ ഏജൻസിയായ എഎൻഐ അടക്കം റിപ്പോർട് ചെയ്‌തിരുന്നു.
അനുനയിപ്പിക്കാൻ എത്തിയ എംഎം ഹസനോട് 15 വയസുള്ള കുട്ടിയല്ലല്ലോ താൻ എന്ന ചോദ്യമാണ് ലതിക ഉന്നയിച്ചത്. തന്റെ പ്രതിഷേധം ആരോടുമുള്ള പോരല്ലെന്നും മറ്റൊരു പാർട്ടിയിലും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ലതിക പറഞ്ഞു. മറ്റ് കാര്യങ്ങളെ കുറിച്ച് അടുപ്പമുള്ള പാർട്ടി പ്രവർത്തകരുമായി ആലോചിച്ച ശേഷമാകും തീരുമാനമെടുക്കുക എന്നും ലതിക വ്യക്‌തമാക്കി.
Also Read: ഭരണത്തുടർച്ച ലക്ഷ്യമിട്ട് സിപിഎമ്മിന്റെ ആക്ഷൻ പ്‌ളാൻ; മണ്ഡലങ്ങൾക്ക് നിരീക്ഷകർ







































