കോഴിക്കോട്: മഹിളാ മാളിലെ സംരംഭകയുടെ പ്രതിഷേധം തുടരുന്നു. പൂവാട്ടുപറമ്പ് സ്വദേശിയായ ഫസ്‌നയും മകളുമാണ് തിങ്കളാഴ്‌ച രാത്രി മുതല്‍ മഹിളാ മാളില്‍ താമസമാക്കി പ്രതിഷേധം ആരംഭിച്ചത്. രാത്രിതന്നെ പൊലീസ് എത്തി ചര്‍ച്ച നടത്തിയെങ്കിലും തനിക്ക് നീതി കിട്ടുംവരെ ഇറങ്ങില്ലെന്ന നിലപാടിലാണ് ഫസ്‌ന.
നിലാവ് എന്ന പേരില്‍ കുഞ്ഞുടുപ്പുകളുടെ കടയാണ് ഫസ്‌ന മഹിളാ മാളില്‍ തുടങ്ങിയത്. കോവിഡ് വന്നതോടെ മാസങ്ങളോളം പൂട്ടിയ മാള്‍ തുറന്നപ്പോള്‍ ഇവരുടെ കടയിലുണ്ടായിരുന്ന രണ്ടു ലക്ഷത്തോളം രൂപയുടെ തുണിത്തരങ്ങള്‍ കാണാതായി. കട വേറെ താക്കോലിട്ട് പൂട്ടുകയും ചെയ്‌തിരുന്നു. പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് ഫസ്‌ന പറഞ്ഞു. മഹിളാ മാള്‍ നടത്തിപ്പുകാരാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഫസ്‌ന പറയുന്നു.
വീട്ടുവാടക നൽകാൻ കഴിയാതെ ഇറക്കിവിടുന്ന സാഹചര്യം വന്നതോടെയാണ് ഫസ്‌ന മകളോടൊപ്പം മാളിലെ കടമുറിയിലേക്ക് താമസം മാറിയത്. ഫസ്‌നക്ക് പിന്തുണയുമായി മറ്റു കടയുടമകളും രംഗത്തെത്തി. രാത്രി തന്നെ വനിത പൊലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ നൽകി.
ഏഴു വര്‍ഷമായി സ്വന്തം തുന്നല്‍ യൂണിറ്റിലൂടെ വരുമാനം കണ്ടെത്തിയിരുന്ന ഫസ്‌ന അത് വിറ്റ ശേഷമാണ് മഹിളാ മാളില്‍ കട തുറന്നത്. എന്നാല്‍ കടയില്‍ നിന്നും വരുമാനം ഇല്ലാതായതോടെയാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും താമസിക്കാൻ ഇടമില്ലാതെ വന്നതും. ഇതേ തുടർന്നാണ് കടയിലേക്ക് താമസം മാറിയത്.
Read also: പൊതുകിണര്‍ ഉപയോഗിക്കുന്നത് തടഞ്ഞു; പ്രതിഷേധവുമായി പട്ടികജാതി കുടുംബങ്ങള്‍







































