ദുബായ്: യുഎഇ തൊഴിൽ നിയമത്തിൽ വരുത്തിയ ഭേദഗതികൾ ഈ മാസം 31 മുതൽ പ്രാബല്യത്തിൽ വരും. തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് തൊഴിൽ നിയമത്തിൽ ഭേദഗതികൾ വരുത്തിയത്. കഴിഞ്ഞ ജൂലൈ 29ന് പ്രഖ്യാപിച്ച ഫെഡറൽ നിയമം നമ്പർ 9/2024ലെ നിയമഭേദഗതികളാണ് നിലവിൽ വരുന്നത്.
അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ
1. തൊഴിലാളിക്കും തൊഴിലുടമക്കും തൊഴിൽ പ്രശ്‌നങ്ങളിൽ അവരവരുടെ അവകാശങ്ങളിൽ നിയമ നടപടികൾക്കായി സമീപിക്കേണ്ട സമയപരിധി രണ്ടു വർഷമാക്കി. നേരത്തെ ഇത് ഒരു വർഷമായിരുന്നു. തൊഴിലാളിയുടെ ജോലി അവസാനിക്കുന്ന ദിവസം മുതൽ രണ്ടു വർഷം എന്നതാണ് പുതിയ നിയമം.
2. 2024 ജനുവരി ഒന്ന് മുതൽ 50,000 ദിർഹത്തിന് താഴെ വരുന്ന കേസുകൾ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് പരിഗണിക്കുന്നത്. കേസുകൾ തീർപ്പാക്കാനുള്ള അധികാരവും മന്ത്രാലയത്തിന് തന്നെയായിരിക്കും. നേരത്തെ തീരുമാനം അപ്പീൽ കോടതികളിൽ ചലഞ്ച് ചെയ്യാമായിരുന്നു. എന്നാൽ ഇത് മാറി. 31 മുതൽ 15 ദിവസത്തിനുള്ളിൽ ഇൻസ്‌റ്റൻസ് കോടതികളിൽ അപ്പീൽ നൽകാമെന്നാണ് അറിയിച്ചിട്ടുള്ളത്. 30 ദിവസത്തിനുള്ളിൽ കോടതി തീർപ്പുണ്ടാക്കും.
3. തൊഴിൽ നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കും. പെർമിറ്റില്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കുക, അനധികൃത ആവശ്യങ്ങൾക്ക് വർക്ക് പെർമിറ്റ് ഉപയോഗിക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ തീർപ്പാക്കാതെ സ്‌ഥാപനങ്ങൾ അടച്ചു പൂട്ടുക തുടങ്ങിയ കുറ്റങ്ങൾക്ക് 50,000 ദിർഹം മുതൽ 200,000 ദിർഹം വരെയായിരുന്നു പിഴ. എന്നാൽ, പുതുക്കിയ തൊഴിൽ നിയമപ്രകാരം ഇത് 100,000 ദിർഹം (ഏകദേശം 22 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) മുതൽ 10,00,000 ദിർഹമായി (ഏകദേശം രണ്ടു കോടിയിലധികം ഇന്ത്യൻ രൂപ) വർധിപ്പിച്ചു.
വിസിറ്റ് വിസയിലെത്തി ജോലി ചെയ്യുന്നത് യുഎഇയിൽ നിയമവിരുദ്ധമാണ്. സ്‌ഥാപനങ്ങൾ ഉദ്യോഗാർഥികളെ രാജ്യത്തേക്ക് കൊണ്ടുവരേണ്ടത് വിസിറ്റിങ് വിസയിൽ അല്ലെന്നും എൻട്രി പെർമിറ്റിലാണെന്നും നേരത്തെ തന്നെ അധികൃതർ വ്യക്‌തമാക്കിയതാണ്.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ