കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് വീണ്ടും തിരിച്ചടി. തൃണമൂൽ കോൺഗ്രസ് മുൻ എംപിയായിരുന്ന ദിനേശ് ത്രിവേദി ബിജെപിയിൽ ചേർന്നു. ഡെൽഹിയിലെ ബിജെപി ആസ്ഥാനത്ത് വച്ച് പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, ബിജെപി വക്താവ് സാംബിത് പത്ര എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ദിനേശ് ത്രിവേദി ബിജെപി അംഗത്വം സ്വീകരിച്ചത്.
“ദിനേശ് ത്രിവേദിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. ശരിയായ വ്യക്തിയായ അദ്ദേഹം തെറ്റായ പാർട്ടിയിൽ ആണ് നിൽക്കുന്നത് എന്ന് ഞാൻ എപ്പോഴും പറയാറുണ്ടായിരുന്നു, പക്ഷേ ഇപ്പോൾ അദ്ദേഹം ശരിയായ പാർട്ടിയിലാണ്,”- ദിനേശ് ത്രിവേദിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ജെപി നഡ്ഡ പറഞ്ഞു. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ ത്രിവേദി മുഖ്യ പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മമത സർക്കാരിനെ കുറ്റപ്പെടുത്തി ആയിരുന്നു ത്രിവേദിയുടെ പ്രതികരണം. “മറ്റ് പാർട്ടി (ഞാൻ പേര് പറയുന്നില്ല) ജനങ്ങളെയല്ല കുടുംബത്തെയാണ് സേവിക്കുന്നത്. ബംഗാളിൽ പലരും സംസ്ഥാനത്തിന്റെ അവസ്ഥയെക്കുറിച്ച് എന്നോട് ചോദിക്കാറുണ്ടായിരുന്നു. നിലവിലെ സർക്കാരിനു കീഴിൽ ബംഗാളിൽ വൻ അഴിമതി നടക്കുന്നുണ്ട്,”- ദിനേശ് ത്രിവേദി ആരോപിച്ചു.
മുൻ കേന്ദ്രമന്ത്രിയായിരുന്ന ദിനേശ് ത്രിവേദി ഫെബ്രുവരി 12ന് പാർലമെന്റിൽ ബജറ്റിനെക്കുറിച്ചുള്ള ചർച്ചക്കിടെയാണ് രാജ്യസഭയിൽ നിന്ന് രാജി പ്രഖ്യാപിച്ചത്. “ഞാൻ രാജ്യസഭയിൽ നിന്ന് രാജിവെക്കുകയാണ്. എന്റെ സംസ്ഥാനത്ത് (പശ്ചിമ ബംഗാളിൽ) അക്രമങ്ങൾ നടക്കുന്നുണ്ട്. ഞങ്ങൾക്ക് ഇവിടെ ഒന്നും സംസാരിക്കാൻ കഴിയില്ല,”- രാജിക്ക് ശേഷം ദിനേശ് ത്രിവേദി പറഞ്ഞിരുന്നു.
Also Read: സൗദിയിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനം







































