ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ച ഇന്ന് നടക്കും. അസമിൽ നിന്നുള്ള കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ചർച്ച നാളെയും തുടരും. പത്തിന് അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി സഭയിൽ മറുപടി പറയും. അയോഗ്യത നീങ്ങിയെത്തിയ രാഹുൽ ഗാന്ധിയാകും കോൺഗ്രസിൽ നിന്ന് ആദ്യം പാർലമെന്റിൽ സംസാരിക്കുക.
ചർച്ചകൾക്ക് രാഹുൽ ഗാന്ധി തുടക്കം കുറിക്കാനാണ് ‘ഇന്ത്യ’ സഖ്യത്തിന്റെ തീരുമാനം. പ്രധാനമന്ത്രിയുടെ പ്രതികരണം ലക്ഷ്യമിട്ടാണ് പ്രതിപക്ഷ നീക്കം. മണിപ്പൂർ വിഷയം പ്രധാന ചർച്ചയാക്കി സർക്കാരിനെ നേരിടാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം. അതേസമയം, ലോക്സഭയിൽ ഭൂരിപക്ഷം ഉള്ളതിനാൽ അവിശ്വാസ പ്രമേയത്തിൽ ബിജെപിക്ക് ആശങ്കയില്ലെന്നാണ് വിവരം. ബിജെഡി, വൈഎസ്ആർ കോൺഗ്രസ്, ടിഡിപി പാർട്ടികൾ ബിജെപിയെ പിന്തുണച്ചേക്കും. ബിആർഎസ് ‘ഇന്ത്യ’ മുന്നണിയെയും പിന്തുണക്കും.
ഭരണപക്ഷത്ത് നിന്ന് ബിജെപി അംഗം നിഷികാന്ത് ദുബൈ ആദ്യം സംസാരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. മണിപ്പൂർ വിഷയത്തിൽ ചർച്ചക്ക് തയ്യാറാണെന്ന് അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ, മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കുക്കി സംഘടനയായ ഇന്റീജീനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തിന്റെ നാലംഗ സംഘമാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുക.
കുക്കികളുടെ സുരക്ഷക്കായി എല്ലാ മലയോര ജില്ലകളെയും മെയ്തേയ് സംസ്ഥാന പോലീസ് വിന്യാസം ഒഴിവാക്കുക, ഇംഫാലിലെ കുക്കി ജയിൽ തടവുകാരെ സുരക്ഷ മുൻനിർത്തി മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റുക, പ്രത്യേക ഭരണകൂടം ഉൾപ്പടെയുള്ള ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചത്. അതേസമയം, മണിപ്പൂർ കലാപത്തിലെ അന്വേഷണത്തിന് മൂന്നംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചു. സിബിഐ അന്വേഷിക്കുന്ന കൂട്ടബലാൽസംഗങ്ങളുടെ മേൽനോട്ടത്തിന് മുൻ മഹാരാഷ്ട്ര ഡിജിപി ദത്താത്രേയ പട്സാൽക്കറിനെയും കോടതി നിയമിച്ചു.
Most Read| ദുരിതാശ്വാസനിധി വകമാറ്റിയ കേസ്; പുതിയ ബെഞ്ചിന് വീണ്ടും വാദം കേൾക്കണമെന്ന് ലോകായുക്ത








































