കൊച്ചി: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസുമായി ബന്ധപ്പെട്ട പരാതിയിൽ പുതിയ മൂന്നംഗ ബെഞ്ചിന് വീണ്ടും വാദം കേൾക്കണമെന്ന് ലോകായുക്‌ത ജസ്‌റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. കേസിലെ സാധുത സംബന്ധിച്ച മൂന്നംഗ ബെഞ്ചിന്റെ നേരത്തെയുള്ള വിധി തങ്ങൾക്ക് ബാധകമല്ലെന്നും കേസിന്റെ നിലനിൽപ്പ് സംബന്ധിച്ച് പുതിയ മൂന്നംഗ ബെഞ്ചിന് വീണ്ടും വാദം കേൾക്കണമെന്നുമാണ് ലോകായുക്‌ത വ്യക്‌തമാക്കിയത്.
മുൻ ലോകായുക്‌ത ജസ്‌റ്റിസ് പയസ് കുര്യാക്കോസിന്റെ വിധിയിലുള്ളത് തീരുമാനമല്ലെന്നും നിരീക്ഷണമാന്നെന്നുമാണ് പുതിയ ബെഞ്ചിന്റെ വിലയിരുത്തൽ. എന്നാൽ, വിശദമായ പരിശോധനകൾക്ക് ശേഷമാണ് ജസ്‌റ്റിസ് പയസ് കുര്യാക്കോസിന്റെ മൂന്നംഗ ബെഞ്ച് എതിർകക്ഷികളായ മന്ത്രിമാർക്ക് നോട്ടീസ് അയക്കാനും കേസിൽ അന്വേഷണം നടത്താനും ഉത്തരവിട്ടതെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ അഡ്വ. ജോർജ് പൂന്തോട്ടം വാദിച്ചു.
എന്നാൽ, ദുരിതാശ്വാസനിധി വിനിയോഗം മുഖ്യമന്ത്രി ഒറ്റക്ക് എടുത്തതല്ലെന്നും മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണെന്നും, മന്ത്രിസഭാ ലോകായുക്‌തയുടെ പരിധിയിൽ വരില്ലെന്നും ലോകായുക്‌ത ജസ്‌റ്റിസ് സിറിയക് ജോസഫ് വ്യക്‌തമാക്കി. അതുകൊണ്ട് ഏതെങ്കിലും ഒരു വ്യക്‌തിക്ക് പങ്കെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിമാർ പൊതുപ്രവർത്തകരെന്ന വ്യാഖ്യാനത്തിൽ ലോകായുക്‌തയുടെ പരിധിയിൽ വരുമെന്നും, അവർ കൈക്കൊള്ളുന്ന തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുമ്പോൾ അതിന്റെ സാധ്യതയും ഘടകങ്ങളും അന്വേഷണ പരിധിയിൽ വരുമെന്നും ഹരജിക്കാരൻ ആർഎസ് ശശികുമാർ വാദിച്ചു.
മുഖ്യമന്ത്രി ഒഴികെയുള്ള കേസിലെ എതിർകക്ഷികൾ ഇപ്പോൾ മന്ത്രിമാർ അല്ലാത്തതുകൊണ്ട് കേസ് കാലഹരണപ്പെട്ടതാണെന്ന് ജസ്‌റ്റിസ് ഹാറൂൺ അൽ റഷീദ് വാദത്തിനിടെ പറഞ്ഞു. എന്നാൽ, 2019ൽ ഫയൽ ചെയ്‌ത ഹരജിയിൽ അന്വേഷണം നീട്ടിക്കൊണ്ടു പോയതിന് ഉത്തരവാദികൾ ലോകായുക്‌ത മാത്രമാണെന്ന് ഹരജിക്കാരന്റെ അഭിഭാഷകർ പറഞ്ഞു. കേസിൽ ഡയറക്‌ടർ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ഷാജിയുടെ വാദം വെള്ളിയാഴ്‌ച തുടരും.
Most Read| രാഹുൽ ഗാന്ധി തിരികെ എംപി സ്‌ഥാനത്ത്; ലോക്‌സഭാഗത്വം പുനഃസ്‌ഥാപിച്ചു വിജ്‌ഞാപനമിറക്കി