കണ്ണൂര്‍: പാനൂരില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന, ആത്‍മഹത്യ ചെയ്‌ത രതീഷിന്റെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.
മരണത്തിന് മുൻപ് മര്‍ദനമേറ്റിരുന്നോ, ഏറ്റിരുന്നുവെങ്കിൽ അതിന്റെ ആഴം, മരണകാരണമായ മുറിവുകൾ, ചതവുകൾ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതൽ വ്യക്‌തത വരുത്താനാണ് ഡിഎന്‍എ പരിശോധന. മരണത്തിന് അല്‍പ്പസമയം മുൻപാണ് രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റതെന്ന് വിശദ പരിശോധനയില്‍ വ്യക്‌തമായിട്ടുണ്ട്. മുഖത്തും മുറിവുകളേറ്റിരുന്നു.
ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമം നടക്കുന്നതിനിടെയാണ് ഇതുണ്ടായതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്നലെ ഫോറന്‍സിക് സര്‍ജനടക്കം സ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മരിക്കുന്നതിന് മുൻപ് പ്രതി രതീഷിനൊപ്പം ശ്രീരാഗ്, സംഗീത്, സുഹൈല്‍ എന്നീ പ്രതികളും ഒളിവില്‍ കഴിഞ്ഞിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
അതേ സമയം, മൂക്കില്‍പീടിക സ്വദേശി ബിജേഷ് ഈ കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്‌റ്റിലായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ബിജേഷ് ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണെന്ന് പോലീസ് പറഞ്ഞു. ഇതോടെ മന്‍സൂര്‍ വധക്കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി.
Most Read: കോവിഡ്; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഡോ. മുഹമ്മദ് അഷീല്‍ പങ്കുവെക്കുന്നു