കോവിഡ്; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഡോ. മുഹമ്മദ് അഷീല്‍ പങ്കുവെക്കുന്നു

By Desk Reporter, Malabar News
Dr. Mohammed Asheel
ഡോ. മുഹമ്മദ് അഷീൽ
Ajwa Travels

ഡോ. മുഹമ്മദ് അഷീല്‍, സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ! കോവിഡ് മഹാമാരിക്കാലത്ത് മലയാളികളുടെ ജീവൻ രക്ഷിക്കാൻ, മരണസംഖ്യ കുറക്കാൻ രാത്രിയെന്നോ പകലെന്നോ വ്യത്യസമില്ലാതെ പ്രവർത്തിച്ച ‘മനുഷ്യസ്‌നേഹി’.

മിക്ക ദിവസവും സാമൂഹിക മാദ്ധ്യമത്തിലൂടെ ലക്ഷകണക്കിന് മലയാളികൾക്ക് ബോധവൽകരണം നൽകാനായി ലളിത മലയാളത്തിൽ ഉപദേശങ്ങളും നിർദ്ദേശങ്ങളുമായി വരുന്ന ജനകീയ ‘ഡോക്‌ടർ’! കോവിഡ് പ്രാരംഭഘട്ടം മുതൽ സംസ്‌ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്ന സമർഥരിൽ ഒരാൾ.

ഭിന്നശേഷി മേഖലയിലെ നിരവധി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന എൻഐപിഎംആറിന്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ, ദേശീയ, അന്തർദേശീയ മാദ്ധ്യമങ്ങളിൽ കേരളത്തിന്റെ ആരോഗ്യമേഖലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിദഗ്‌ധൻ ഇതൊക്കെയാണ് ഡോ. മുഹമ്മദ് അഷീല്‍. ഇദ്ദേഹം നിലവിലെ സാഹചര്യവും കോവിഡുമായി ബന്ധപ്പെട്ട ചില സുപ്രധാന കാര്യങ്ങളും മലബാർ ന്യൂസ് ചീഫ് എഡിറ്ററുമായി പങ്കുവെക്കുന്നു.

വിവരമില്ലായ്‌മ അപകടമാണ്; കോവിഡിനെ നിസാരമായി കാണരുത്

മാനവരാശിയുടെ ഒരുഭാഗമായ 29 ലക്ഷത്തോളം ആളുകളെ കൊന്നൊടുക്കിയ മഹാമാരിയെ സംബന്ധിച്ചാണ് നാം സംസാരിക്കുന്നത്. ഇത് ഔദ്യോഗിക കണക്കാണ്. അനൗദ്യോഗികമായി നോക്കിയാലത് ഇരട്ടിയോളം വരുമെന്നാണ് അനുമാനിക്കപ്പെടുന്നത്. കാരണം ആരോഗ്യരംഗം അത്രക്കധികം വികസിക്കാത്ത നാടുകളിലെ സാഹചര്യം നാം മനസിലാക്കാൻ ശ്രമിച്ചാൽ നമുക്ക് ഈ കണക്ക് അത്രവലുതായി തോന്നില്ല.

അഥവാ, അനൗദ്യോഗികമായി നോക്കിയാൽ, ഏകദേശം 50 ലക്ഷത്തോളം ആളുകളെ ലോകമാകമാനം കൊന്നൊടുക്കിയ മഹാമാരിയെ ലളിതവൽകരിച്ചു കാണുന്നവരെ സംബന്ധിച്ച് എന്തുപറയാൻ? ജോസഫ് സ്‌റ്റാലിന്റെ One death is a tragedy, a million deaths a statistic എന്ന വരികളെടുത്ത് പറഞ്ഞാലുള്ള അവസ്‌ഥയിലാണ്‌ നാമിപ്പോൾ. അതായത്ഒരു മരണം നമുക്ക് ദുരന്തവും അനേകായിരം മരണം വെറുമൊരു സ്‌ഥിതി വിവരക്കണക്കും മാത്രമായി മാറുന്ന മാനസികാവസ്‌ഥയാണ് നമുക്കിപ്പോൾ.

ലോകവ്യാപകമായി നോക്കിയാൽ, ഇപ്പോൾ മരണനിരക്ക് മൂന്നു ശതമാനം മാത്രമാണ്. അതായത് ഔദ്യോഗിക കണക്കിനെ അടിസ്‌ഥാനമാക്കി പറഞ്ഞാൽ 12 കോടിക്ക് മുകളിൽ ആളുകളെ രോഗം ബാധിച്ചപ്പോൾ 29 ലക്ഷം പേരാണ് മരണപ്പെട്ടത്. എന്നിട്ടും ഇതിനെ ലളിതവൽക്കരിച്ച്‌ കാണുന്നവരുണ്ട്.

സ്വന്തം വീട്ടിലോ അത്രക്കധികം വേണ്ടപ്പെട്ടവർക്കോ ഈ മഹാമാരി അപകടകരമായ രീതിയിൽ വന്നവരും തനിക്ക് പ്രിയപ്പെട്ടവരിൽ ഒരാൾ ഈ രോഗം മൂലം മരണപ്പെട്ടവരും ഈ രോഗത്തെ നിസാരവൽക്കരിച്ച് കാണുന്നില്ല. ഈ രോഗം അതിന്റെ ‘ആഴത്തിൽ ബാധിച്ച’ കേരളത്തിലെ അനേകായിരം ആളുകളിൽ ഒരാളുടെയെങ്കിലും അനുഭവം അറിഞ്ഞിരുന്നുവെങ്കിൽ ഒരാളും കോവിഡിനെ ലളിതവൽക്കരിക്കില്ല.

ജീവിതത്തെ സ്‌നേഹിക്കുന്ന, ജീവിക്കാൻ ആഗ്രഹമുള്ള, മറ്റുള്ളവരിലേക്ക് താൻ കാരണം രോഗവ്യാപനം ഉണ്ടാകരുതെന്നും ‘താൻ രോഗം പകർന്നു നൽകുന്നതിലൂടെ’ ആരും വേദനിക്കരുതെന്നും കൊല്ലപ്പെടരുതെന്നും യഥാർഥത്തിൽ ആഗ്രഹിക്കുന്ന ഒരാളും ഈ രോഗത്തെ ലളിതവൽകരിക്കില്ല.

കോവിഡ് പോലുള്ള ഒരു മഹാമാരിയെ പ്രതിരോധിക്കാൻ നാം നടത്തിയ, നടത്തികൊണ്ടിരിക്കുന്ന പരിശ്രമങ്ങൾ ഇല്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്‌ഥിതി എന്നത് നമ്മൾ കണക്കു കൂട്ടുകയോ അതിന്റെ ആഴം നാം മനസിലാക്കുകയോ ചെയ്യുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം.

മഹാമാരികളുടെ ചരിത്രം അറിയണം

1918ൽ ഉണ്ടായ ‘സ്‌പാനിഷ്‌ ഫ്‌ളൂ’ വഴി 5 കോടിയോളം ആളുകളാണ് കൊല്ലപ്പെട്ടത്. അനൗദ്യോഗിക കണക്ക് 10 കോടിക്ക് മുകളിൽ ആണെന്ന് പറയപ്പെടുന്നു.
അന്നത്തെ ആകെ ലോക ജനസംഖ്യ 118 കോടി മാത്രമാണ്. ഇന്നത്തേത് 790 കോടിയോളമാണ് എന്നതും നാമോർക്കണം.

അക്കാലത്ത് ലോകം നേരിട്ട, വിവരിക്കാനാകാത്ത വേദനകളും ദുരന്തങ്ങളും അതിന്റെ ചരിത്രവും അറിയാത്ത, മനസിലാക്കാത്ത ആളുകളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. അവരെയാണ് നിയമംകൊണ്ട് നേരിടേണ്ടി വരുന്നത്. ഇവരിൽ പലരും നിയമവും അനുസരിച്ചെന്ന് വരില്ല. സ്‌പാനിഷ്‌ ഫ്‌ളൂവിന് മുൻപുണ്ടായ ബ്ളാക് ഡെത്തിൽ അന്നത്തെ ലോക ജനസംഖ്യയായ 370 മില്യണിൽ 50 മില്യൺ ആളുകളാണ് കൊല്ലപ്പെട്ടത്. ഇതൊക്കെ പഠിക്കാനും അറിയാനും ശ്രമിക്കുമ്പോൾ നമുക്ക് ചുറ്റുമുള്ള ഈ മഹാമാരിയുടെ ഗൗരവം മനസിലാക്കാൻ നമുക്ക് പറ്റും. ഇതൊന്നും പഠിക്കാത്തവർ ആരായിരുന്നാലും അവർക്ക് ഗൗരവം മനസിലായെന്ന് വരില്ല. അതാണ് നാം നേരിടുന്ന വെല്ലുവിളിയും. ഈ വിവരമില്ലായ്‌മയെ അതിജീവിക്കാനാണ് നാം നിരന്തര ബോധവൽകരണം നടത്തുന്നത്.

ബ്ളാക് ഡെത്തിന് കാരണമായ വൈറസിന് സമാനമായ വൈറസാണ് കോവിഡ് 19 വൈറസും. എന്നാൽ, ഈ ആധുനിക കാലത്ത് വളരെ വേഗത്തിൽ വൈറസിന്റെ വ്യാപനം തടയാൻ ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതലുകളും ശക്‌തമാക്കാൻ നമുക്ക് കഴിഞ്ഞതും, പ്രാഥമിക ചികിൽസ ഉൾപ്പടെയുള്ള മെച്ചപ്പെട്ട ചികിൽസാ സൗകര്യം ലഭിക്കുന്നതും അത്യാവശ്യമായി ഉപയോഗിക്കാൻ ആവശ്യമായ വാക്‌സിൻ ഉടനെ ലഭ്യമാക്കാൻ തക്കരീതിയിൽ ശാസ്‌ത്രലോകം വികസിച്ചതും കോവിഡ് ദുരന്തം നന്നേകുറക്കാൻ സഹായിച്ചു.

Dr. Mohammed Asheel With Shailaja Teacher
സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചർക്കൊപ്പം ഡോ. മുഹമ്മദ് അഷീൽ

കൂടാതെ, ലോകവ്യാപകമായി അനേക ലക്ഷം ആരോഗ്യ പ്രവർത്തകരുടെ അതീവ ജാഗ്രതയുള്ള പ്രവർത്തനങ്ങൾ, മാനവരാശിയുടെ രക്ഷക്ക് വേണ്ടി ക്ഷമാശീലത്തോടെ പ്രവർത്തിക്കുന്ന ആരോഗ്യ-ശാസ്‌ത്ര വിദഗ്‌ധർ, അനേകലക്ഷം പേരുടെ സഹകരണം, സർക്കാർ മിഷനറികളുടെ ജാഗ്രത്തായ പ്രവർത്തനങ്ങൾ ഇതെല്ലാം ഒന്നിച്ചുചേർന്ന് അഹോരാത്രം പരിശ്രമിക്കുന്നത് കൊണ്ടാണ് മരണപ്പെടേണ്ടിയിരുന്ന അനേകലക്ഷം ആളുകൾ ഇപ്പോഴും ഭൂമിയിൽ ജീവിച്ചിരിക്കുന്നത്. നിരന്തര രോഗികളായി മാറേണ്ടിയിരുന്ന അനേകകോടി ആളുകൾ ആരോഗ്യത്തോടെ നിലനിൽക്കുന്നതും, അതാരും ചിന്തിക്കുന്നില്ല എന്നുമാത്രം.

ഒന്നുകിൽ മുൻകാല മഹാമാരികളുടെ യഥാർഥ ചരിത്രം അറിയണം, അല്ലെങ്കിൽ അനുഭവിക്കണം, എങ്കിൽ മാത്രമേ കോവിഡ് 19ന്റെ ഗൗരവം അറിയൂ എന്നതാണ് വലിയൊരു ശതമാനത്തിന്റെ അവസ്‌ഥ. എന്നാൽ നാമതിനെ ഭയപ്പെടുകയല്ല വേണ്ടത്. ആരോഗ്യമേഖല നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ള ശരിയായ ജാഗ്രതയാണ് നമുക്ക് വേണ്ടത്.

സാഹചര്യം ശുഭകരമല്ല; ജീവന്റെ വിലയുള്ള ജാഗ്രത അനിവാര്യം

അനേകവട്ടം പറഞ്ഞ കാര്യം വീണ്ടും പറയുകയാണ്. കോവിഡിനെ പ്രതിരോധിക്കാൻ നാം ചെയ്യേണ്ടത് എസ്എംഎസ് പാലിക്കുക അഥവാ സോപ്പ് ശീലമാക്കുക, മാസ്‌ക് ധരിക്കുക, സോഷ്യൽ ഡിസ്‌റ്റൻസ് പാലിക്കുക. മൂന്നു ‘സി’ ഒഴിവാക്കുകയും ചെയ്യുക അഥവാ ക്രൗഡിങ് (ആൾ തിരക്ക്), ക്ളോസ് കോൺടാക്റ്റ്സ് (അടുത്തിടപഴകൽ), ക്‌ളോസ്‌ഡ്‌ സ്‌പേസസ് (അടഞ്ഞ സ്‌ഥലങ്ങൾ) എന്നിവ പരമാവധി ഒഴിവാക്കുക. പക്ഷെ, തിരഞ്ഞെടുപ്പ് കാലത്ത് ഇതൊന്നും പാലിക്കപ്പെട്ടില്ല എന്നതാണ് വാസ്‌തവം.

നമ്മുടെ സമൂഹത്തിലെ മുഖ്യപങ്കും പലകാരണങ്ങളാൽ ഈ പറയുന്ന കാര്യങ്ങൾ അതിന്റെ ഗൗരവത്തിൽ ഉൾകൊള്ളാൻ മാത്രം വളർന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇതിനെ സംബന്ധിച്ച് അറിയുന്ന നേതാക്കൾ പോലും അണികൾക്കിടയിൽ അത് പാലിക്കാൻ പറ്റാതെ നിസഹായരായി നിൽക്കുന്നതാണ് നാം കണ്ടത്. ഇതിന്റെ പ്രത്യഘാതം അറിയാനിരിക്കുന്നതേ ഉള്ളു.
Covid Kerala_Break The Chain

കേരളത്തിലെ സാഹചര്യം പരിശോധിച്ചാൽ ഇന്ത്യയിലെ മറ്റേതൊരു സംസ്‌ഥാനത്തും ഉണ്ടായതിലധികം ഗുരുതര സാഹചര്യം നമുക്ക് ഉണ്ടാകുമായിരുന്നു. ജനസാന്ദ്രത, വയോജനങ്ങളുടെ എണ്ണക്കൂടുതൽ, ഗ്രാമ-നഗര ബന്ധങ്ങൾ, ആളുകൾ കൂട്ടമായി താമസിക്കുന്ന ഫ്‌ളാറ്റുകളുടെയും വില്ലകളുടെയും എണ്ണം ഇങ്ങനെ പലകാരണങ്ങൾ കൊണ്ടും കോവിഡ് വ്യാപനത്തിന് അനുകൂല സാഹചര്യം ഉണ്ടായിട്ടും 10.6 ശതമാനം ആളുകൾക്ക് മാത്രമാണ് കോവിഡ് വന്നത്. അതിൽ തന്നെ മരണസംഖ്യ ദേശീയ ശരാശരിയേക്കാൾ താഴെയും. അത് നമ്മുടെ ആരോഗ്യരംഗത്തെ വളർച്ചയുടെയും ഒത്തൊരുമയുടെയും ആത്‌മ സമർപ്പണത്തിന്റെയും നേട്ടങ്ങൾകൊണ്ടാണ് നാം സാധ്യമാക്കിയത്.

മഹാരാഷ്‌ട്രയിലെ മുംബൈയിൽ മാത്രം കോവിഡ് കാലത്ത് 22,000 ആളുകളാണ് അധികമായി മരണപ്പെട്ടത് എന്നത് നാമോർക്കണം. എല്ലാ സംസ്‌ഥാനങ്ങളുടെയും അവസ്‌ഥ ഇതൊക്കെ തന്നെയാണ്. പല സംസ്‌ഥാനങ്ങളിലെയും മരണങ്ങളുടെ കണക്കു പോലും കൂട്ടിയിട്ടില്ല. ശാസ്‌ത്രീയമായി ക്രോഡീകരിച്ചിട്ടില്ല. എന്നിട്ടും കേരളത്തെക്കാൾ കൂടുതലാണ് മിക്കയിടത്തും മരണവും രോഗവ്യാപനവും എന്നതും കൂടി നാമോർക്കണം.

വാക്‌സിനോടുള്ള വിശ്വാസ്യതയും എതിർപ്പും

വാക്‌സിനെതിരെ വിവരമില്ലാത്ത ആളുകളുടെ, ശാസ്‌ത്ര ബോധമില്ലാത്ത ആളുകളുടെ എതിർപ്പ് എക്കാലത്തും ഉണ്ടായിട്ടുണ്ട്. ഈ എതിർപ്പ് പറയുന്ന പലരും വസൂരിയും, ക്ഷയവും ഉൾപ്പടെയുള്ള പലരോഗങ്ങളും വരാതെ ജീവിച്ചിരിക്കുന്നത് അവരുടെ ശരീരത്തിൽ കുത്തിവെക്കപ്പെട്ട വാക്‌സിൻ മൂലമാണെന്ന് ഓർക്കാറില്ല. ധരിച്ചിരിക്കുന്ന വസ്‌ത്രം മുതൽ ഉപയോഗിക്കുന്ന സകലതും ശാസ്‌ത്രലോകത്തിന്റെ സംഭാവനയാണ് എന്നത് ഓർക്കാറില്ല. കഴിക്കുന്ന ഭക്ഷണവും അത് പാകം ചെയ്യുന്ന പാത്രവും മുതൽ മിക്കതും ശാസ്‌ത്ര ലോകം നൽകിയ സംഭാവനയാണ് എന്നത് ഓർക്കാറില്ല.

ചെരുപ്പ് കണ്ടുപിടിച്ചത് തന്നെ, അത് ധരിപ്പിച്ചു ലാഭം ഉണ്ടാക്കാൻ മാത്രമാണെന്നും മനുഷ്യന് നാണം ഉണ്ടായത്, വസ്‌ത്രം വിറ്റുപോകാനാണ് എന്നും പറയുന്നത് പോലുള്ള വിഡ്‌ഢിത്തരങ്ങളാണ് വാക്‌സിന് എതിരെയുള്ള പ്രചാരണം. അതിൽ വേറെ കഴമ്പൊന്നുമില്ല. രണ്ടു രീതിയിലുള്ള വാക്‌സിൻ വിരോധികളാണ് നമുക്ക് ചുറ്റും സ്വതവേ കാണുന്നത്.
Anti Vaxxers In USA

ഒന്ന്; എല്ലാം അന്താരാഷ്‌ട്ര ഗൂഢാലോചനയാണ് എന്നുപറയുന്നവർ. എല്ലാത്തിലും ‘അന്താരാഷ്‌ട്ര മാഫിയ’ എന്നത് ചേർത്ത്,‌ അടിസ്‌ഥാന വിവരങ്ങളുടെ അഭാവത്തിൽ ചിന്തിച്ചു തലതിരിഞ്ഞ ഈ ഭ്രാന്തൻമാരോട് കൂടുതലൊന്നും പറഞ്ഞിട്ടുകാര്യമില്ല. രക്‌തം നൽകുകയോ സ്വീകരിക്കുകയോ ചെയ്യാത്തവരും ചികിൽസക്ക് പോലും പോകാത്ത അന്ധവിശ്വാസികളും ഇപ്പോഴുമുണ്ട്. നിലവിലെ സാമൂഹിക-നിയമ സാഹചര്യത്തിൽ ഇത്തരം ആളുകൾ സാമൂഹിക സുരക്ഷക്ക് ഭീഷണിയായി തുടരും എന്നതാണ് യാഥാർഥ്യം.

രണ്ടാമത്തെ വിഭാഗം വാക്‌സിനേഷൻ സംശയങ്ങൾ ഉള്ളവരും അതേക്കുറിച്ചു കൂടുതൽ അറിഞ്ഞു ചെയ്യാമെന്ന് കരുതുന്നവരും. അവരെ ബോധവൽക്കരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നുണ്ട്. ഈ കോവിഡ് കാലത്ത് തന്നെ കോവിഡ് വ്യാപനവും മരണങ്ങളും ഏറ്റവും രൂക്ഷമായ ഇസ്രായേൽ, യുകെ പോലുള്ള രാജ്യങ്ങളിൽ ഒറ്റയടിക്ക് ഇവയെല്ലാം താഴേക്കു കൊണ്ടുവരുവാനും പിടിച്ചുകെട്ടാനും സാധിച്ചത് വാക്‌സിനേഷൻ നൽകിയതിലൂടെയാണ്. ഇതൊക്കെ പഠിക്കാൻ ശ്രമിച്ചാലല്ലേ വല്ലതും മനസിലാകൂ.

നമുക്കുചുറ്റും ഒന്നുനോക്കു, ഇന്ന് പോളിയോ ഉണ്ടോ? വസൂരിയുണ്ടോ? ക്ഷയമുണ്ടോ? ഇവയെല്ലാം നാം പിടിച്ചുകെട്ടിയത് വാക്‌സിനേഷൻ വഴിയാണ്. ഇനിയും അനേകം രോഗങ്ങളെ നാമിങ്ങനെ പിടിച്ചുകെട്ടി മുന്നേറും. ഇതിനിടയിൽ കുറേ യാഥാർഥ്യ ബോധമില്ലാത്ത, ശാസ്‌ത്ര ബോധമില്ലാത്ത, വസ്‌തുതകൾ മനസിലാക്കാത്ത കുറെ ഭ്രാന്തൻമാരുണ്ടാകും. അത് എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അവരെ പിൻപറ്റുന്നവരും ഉണ്ടാകും. അവരോടു സംസാരിച്ചിട്ട് കാര്യമില്ല.

മെഡിക്കൽ മേഖലയുടെ ഭാഗമായ ലോകത്തുള്ള മുഴുവൻ ശാസ്‌ത്രജ്‌ഞരും ഡോക്‌ടർമാരും നഴ്‌സുമാരും മെഡിക്കൽ പരീക്ഷണശാലയിൽ ഉള്ളവരും ഉൾപ്പടെയുള്ള അനേകകോടി ആളുകൾ സത്യം മറച്ചുവെച്ച്, ഒരു സിസ്‌റ്റത്തിന് കീഴിൽ നുണകൾ മാത്രം പറഞ്ഞും പ്രചരിപ്പിച്ചും ജീവിതാവസാനംവരെ ജീവിക്കുകയാണ് എന്നും, അതിനിടയിൽ സിസ്‌റ്റത്തിന്റെ ഭാഗമായ ഇത്രയും കോടി ആളുകൾ രഹസ്യം ഒളിപ്പിച്ചു ജീവിക്കുമെന്നൊക്കെ വിശ്വസിക്കുന്ന കുറെയേറെ വിഡ്‌ഢികളും ഭ്രാന്തൻമാരും എക്കാലവും ഉണ്ടാകും. അവരോട് സഹതപിക്കാനെ നമുക്ക് കഴിയു. ചികിൽസ അർഹിക്കുന്ന രോഗികളോടുള്ള സഹതാപം മാത്രം. അവരോട് തർക്കിച്ചു സമയം കളയരുത്.

ഭൂമി പരന്നതാണ് എന്ന് വിശ്വസിക്കുന്ന കുറേയാളുകൾ ഇപ്പോഴുമുണ്ട്. അവർക്ക് സംഘടനയും പ്രചാരണവും ഒക്കെയുണ്ട്. അവരോടു തർക്കിക്കാൻ പോയി സമയം കളയുന്നതിന് പകരം, ജീവിക്കാനും ജീവിപ്പിക്കാനും ആഗ്രഹമുള്ള, സന്തോഷവും സുരക്ഷയും ഉറപ്പു വരുത്തി സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക. അതാണ് ഒരു വിവേകിക്ക് നല്ലത്.

Anti Vaxxers In UK
യുകെയിൽ വാക്‌സിനേഷനെതിരെ പ്രതിഷേധിക്കുന്ന ഒരാൾ

കോവിഡ് മരണവും സംസ്‌കരണവും

കോവിഡ് മരണങ്ങളോടുള്ള നമ്മുടെ ആദ്യകാല സമീപനത്തിന് ചില കാരണങ്ങൾ ഉണ്ട്. കോവിഡിന്റെ ആരംഭകാലത്ത് മരണങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് നമ്മുടെ മുന്നിൽ കൃത്യമായ ശാസ്‌ത്ര നിബന്ധനകൾ ഉണ്ടായിരുന്നില്ല. അത് പഠിച്ചുവരാനും പ്രയോഗത്തിൽ കൊണ്ടുവരാനും സമയമെടുക്കും. കാരണം കോവിഡ് പുതിയ രോഗമാണ്, അതുകൊണ്ടാണത്.

അപ്പോൾ നാം എബോളയുടെ പ്രോട്ടോകോളാണ് പിന്തുടർന്നത്. കാരണം, മരണപ്പെട്ടവർ മരണപ്പെട്ടു. അവരുടെ ബോഡി വഴി ഒരാളിലേക്കും രോഗം വ്യാപിക്കാനുള്ള സാധ്യതകൾ ഉണ്ടാകരുത്. അതാണ് ഒരു ആരോഗ്യ സംവിധാനം നോക്കേണ്ട വിഷയം.

Covid Death Funeral_Kerala
മഹാമാരിയുടെ തുടക്കനാളുകളിൽ കോവിഡ് ബാധിച്ചു മരിച്ച വ്യക്‌തിയെ മറവുചെയ്യുന്നു

അതുകൊണ്ടു ആദ്യഘട്ടത്തിൽഎബോള വൈറസ് ബാധിച്ച് മരിച്ചാൽ ചെയ്യുന്ന രീതിയിലുള്ള സംസ്‌കാര രീതിയാണ് എല്ലാവരും പിന്തുടർന്നത്. നമ്മളും അതാണ് ചെയ്‌തത്‌. അതുകൊണ്ടും നമുക്ക് ഗുണമാണ് ഉണ്ടായത്. കാരണം ആ നിലയിലുള്ള രോഗവ്യാപനവും തടയാൻ നമുക്ക് സാധിച്ചു. എന്നാൽ ഇന്നത് കുറേകൂടി ലളിതമാക്കി. പ്രോട്ടോകോൾ പാലിച്ച്, അവ ‘പാലിച്ചുകൊണ്ടുമാത്രം’ വേണ്ടപ്പെട്ടവർക്ക് മൃതശരീരം കാണാനും മറ്റുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ജാഗ്രതയോടെ വൈറസിനൊപ്പം ജീവിക്കുക; മോചനം ഉടനുണ്ടാകും

രോഗവ്യാപനവും മരണനിരക്കും ഈ നിമിഷം വരെ വരെ നമുക്ക് കുറച്ചു നിറുത്താൻ സാധിച്ചു. ‘ലോക്ക്ഡൗൺ’ സമയത്ത് അഥവാ ഇത്തരത്തിലുള്ള മഹാവ്യാധികളുടെ വ്യാപനകാലത്ത് ആദ്യഘട്ടമായി ചെയ്യുന്ന കളക്‌ടീവ്‌ സാക്രിഫൈസ് ഘട്ടത്തിലെലോക്ക്ഡൗൺ ഘട്ടത്തിൽ ലഭിച്ച സമയത്താണ് നാം ആരോഗ്യരംഗത്തെ കൂടുതൽ ശക്‌തിപ്പെടുത്തിയത്. എന്തിനെയും നേരിടാനുള്ള കരുത്ത് ആർജിച്ചത് ആ സമയത്താണ്. അതുകൊണ്ട് ലോക്ക്ഡൗൺ ശരിയായ തീരുമാനം തന്നെയായിരുന്നു.

പിന്നെ, വൈറസിന് ഒപ്പം ജീവിക്കുക എന്ന ഘട്ടത്തിലാണ് നാമിപ്പോൾ. അതുകടക്കാൻ ഇനി അധിക സമയം വേണ്ടിവരില്ല എന്നാണ് മനസിലാക്കാൻ കഴിയുന്നത്. വാക്‌സിനേഷൻ പ്രോസസ് തുടരുകയാണ്. അതുകൂടാതെ, ലോകവ്യാപകമായി കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും തുടരുന്നുണ്ട്. അതുകൊണ്ടു നമുക്ക് വിശ്വസിക്കാം വേഗത്തിൽ നാം ഈ ഘട്ടത്തെ അതിജീവിക്കുമെന്ന്.

വാക്‌സിനും മദ്യപാനവും പുകവലിയും

മദ്യപാനം എല്ലാ രീതിയിലും എല്ലായിപ്പോഴും ആരോഗ്യത്തിനു ഹാനികരമാണ്. എന്നാൽ, കോവിഡ് വാക്‌സിൻ സ്വീകരിക്കലും മദ്യപാനവും തമ്മിൽ ബന്ധപ്പെടുത്തി എന്തെങ്കിലും നിർദേശം ഇതുവരെ ആരോഗ്യ വകുപ്പിന് നേരിട്ട് ലഭിച്ചിട്ടില്ല. മദ്യവും പുകവലിയും മനുഷ്യരുടെ രോഗപ്രതിരോധ സംവിധാനത്തെ ക്ഷയിപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല. മദ്യപാനത്തിന്റെ പാര്‍ശ്വഫലങ്ങള്‍ മാറ്റി നിറുത്തിയാൽ അത് ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനത്തിന് കൂടുതൽ കരുത്തുപകരും. അതുകൊണ്ട് മദ്യപാനത്തില്‍ നിന്നും പുകവലിയില്‍ നിന്നും അകന്നു നില്‍ക്കുന്നതാണ് ആരോഗ്യമുള്ള ജീവിതത്തിന് എന്തുകൊണ്ടും അഭികാമ്യം.

പിന്നെ, വാക്‌സിൻ ഏത് സാഹചര്യത്തിൽ ഉള്ളവർക്കും എടുക്കാം. മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും ഇപ്പോൾ വേണ്ട എന്ന് പറയുന്നത്, ഈ വിഭാഗത്തിനിടയിൽ നിന്നുള്ള ആഴമേറിയ പഠന-ഗവേഷണ ഫലം ലഭിക്കാൻ ഉള്ളതുകൊണ്ട് മാത്രമാണ്. ശാസ്‌ത്രം എല്ലായിപ്പോഴും പഠനത്തിനെ അടിസ്‌ഥാനമാക്കിയാണ് പ്രവർത്തിക്കുക. അതുകൊണ്ട് ശാസ്‌ത്രീയ പഠനങ്ങളിൽ തൃപ്‌തി ഉണ്ടാകുകയും അത് അംഗീകരിക്കേണ്ട ബോഡികൾ അതിനെ അംഗീകരിക്കുകയും വേണം. ശേഷം മാത്രമേ ഇപ്പോൾ മാറ്റിനിറുത്തിയ വിഭാഗങ്ങൾക്കും കൂടി വാക്‌സിനേഷൻ നൽകൂ. അല്ലാതെ വാക്‌സിന് എന്തെങ്കിലും കുഴപ്പം ഉള്ളതുകൊണ്ടല്ല ചിലരെ മാറ്റി നിറുത്തിയിരിക്കുന്നത് എന്നത് നാം മനസിലാക്കണം.
Covishield and Liquor

അതുപോലെ, മറ്റൊരു ആരോപണമാണ് വാക്‌സിനെടുത്ത ആരോ വാക്‌സിനേഷന്റെ അനന്തരഫലത്താൽ മരണപ്പെട്ടു എന്ന്. ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 100% തെറ്റായ വാർത്തയാണിത്. വാക്‌സിന് അത്തരത്തിലുള്ള, അപകടകരമായ യാതൊരു സൈഡ് എഫക്റ്റുമില്ല എന്നതാണ് യാഥാർഥ്യം. വളരെ യാദൃശ്‌ചികമായ മരണങ്ങളും ഇതര രോഗങ്ങളും വാക്‌സിനുമായി കൂട്ടിക്കെട്ടരുത്. നൂറുകണക്കിന് പഠനങ്ങളും ഗവേഷണങ്ങളും പരീക്ഷണങ്ങളും അതിജീവിച്ചും അന്താരാഷ്‌ട്ര ഏജൻസികളും വിവിധ സർക്കാർ ഏജൻസികളും അംഗീകരിച്ച വാക്‌സിനാണ് മനുഷ്യരിൽ കുത്തിവെക്കുന്നത് എന്നതോർക്കുക.

വാക്‌സിൻ സ്വീകരിക്കുക; സ്വന്തം ജീവനിലും മറ്റുള്ളവരുടെ ജീവനിലും കരുതൽ കാണിക്കുക

ഇപ്പോൾ എല്ലാവരും ചെയ്യേണ്ടത്; എത്രയും വേഗം, ലഭ്യമാക്കിയ വാക്‌സിനേഷൻ സർക്കാർ പറയുന്ന രീതിയിൽ എടുക്കുക എന്നതാണ്. സമൂഹ സുരക്ഷയെ കരുതി അത് എല്ലാവരും ചെയ്യുക. ഒരു ദിവസം പോലും താമസിപ്പിക്കരുത്. കാരണം രോഗവ്യാപനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിക്കഴിഞ്ഞു. അത് കൂടുതൽ വേഗത്തിൽ രൂക്ഷമാകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. വിശേഷിച്ചും നമ്മുടെ തിരഞ്ഞെടുപ്പിലെ ‘പരിധികൾ മറികടന്നുള്ള’ പ്രചാരണരീതി എത്രമാത്രം പ്രശ്‌നമാകുമെന്നത്‌ കാത്തിരുന്നു കാണണം.

പിന്നെ, വാക്‌സിന്റെ റോളിനെ കുറിച്ച് പലവട്ടം പറഞ്ഞതാണ്. എങ്കിലും പറയാം; നിങ്ങൾ ഒരു കാറോടിക്കുന്നു എന്ന് കരുതുക. അതിലെ സീറ്റ് ബെൽറ്റ് ധരിക്കുന്നതുപോലെയാണ് നിലവിലെ വാക്‌സിൻ. കൂടുതൽ മെച്ചപ്പെട്ടത് വന്നേക്കാം. നിലവിൽ ഉള്ളത് കാറിലെ സീറ്റ് ബെൽറ്റ്‌ പോലെയാണ്. കാറിടിച്ചാൽ പരിക്ക് കുറക്കും. അതാണ് വാക്‌സിന്റെ റോൾ. ഹെൽമെറ്റ് ധരിച്ച ഒരാളുടെ ബൈക്ക് അപകടത്തിൽ പെട്ടാൽ തലക്ക് പരിക്ക് പറ്റാനുള്ള സാധ്യത കുറയുന്നത് പോലെയാണ് നിലവിലെ വാക്‌സിൻ.

Seat Belt Protection _Credit to iStock
Image Courtesy: iStock

അതായത്; വാക്‌സിൻ എടുത്താൽ രോഗം പിടിപെടാനുള്ള സാധ്യത 80% കുറയും. രോഗം വന്നാലും മരണസാധ്യത വളരെ വളരെ കുറവായിരിക്കും. അല്ലാതെ വാക്‌സിൻ എടുത്തത് കൊണ്ട് ഇനിയൊരിക്കലും രോഗം വരില്ല എന്ന ഉറപ്പില്ല. മാത്രവുമല്ല, വാക്‌സിൻ നിങ്ങൾ എടുത്താലും രോഗാണുവിനെ വഹിക്കാനും മറ്റുള്ളവരിലേക്ക് പകർത്താനും നിങ്ങൾക്ക് സാധിക്കും. അതുകൊണ്ട്, വാക്‌സിൻ എടുത്താലും മുൻകരുതലുകൾ നിർബന്ധമായും പാലിക്കണം.

Most Read: പ്രസ്‌ക്ളബ്ബിലെ പ്രവാചക നിന്ദ; നരസിംഗാനന്ദക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥികളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE