പാരിസ്: പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. പത്ത് മീറ്റർ എയർ പിസ്‌റ്റൽ ഷൂട്ടിങ് ഫൈനലിൽ മനു ഭാകറാണ് ഇന്ത്യക്കായി വെങ്കല മെഡൽ നേടിയത്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാകർ. ആദ്യ ഷോട്ടിൽ തന്നെ രണ്ടാം സ്‌ഥാനത്ത് എത്താൻ മനുവിന് സാധിച്ചിരുന്നു.
ഫൈനൽ പോരാട്ടത്തിൽ നാല് താരങ്ങൾ പുറത്തായി നാലുപേർ മാത്രം ബാക്കിയായപ്പോൾ ഒന്നാം സ്‌ഥാനത്ത് എതാൻ മനുവിന് 1.3 പോയിന്റുകൾ കൂടി മതിയായിരുന്നു. എന്നാൽ, അവസാന അവസരങ്ങളിൽ താരം വെങ്കല മെഡലിലേക്ക് എത്തുകയായിരുന്നു. 0.1 പോയിന്റ് വ്യത്യാസത്തിലാണ് മനുവിന് വെള്ളി നഷ്‌ടമായത്. ദക്ഷിണ കൊറിയൻ താരങ്ങൾക്കാണ് ഈയിനത്തിൽ സ്വർണവും വെള്ളിയും.
ഷൂട്ടിങ്ങിൽ ഇന്ത്യയുടെ അഞ്ചാം ഒളിമ്പിക്‌സ് മെഡലാണിത്. 2012 ലണ്ടൻ ഒളിമ്പിക്‌സിൽ വിജയ് കുമാറാണ് ഇന്ത്യക്കായി അവസാനമായി ഷൂട്ടിങ് മെഡൽ നേടിയത്. ടോക്കിയോ ഒളിമ്പിക്‌സിൽ പിസ്‌റ്റൽ തകരാറിലായതിനെ തുടർന്ന് മനു ഭാകറിന് മൽസരിക്കാൻ സാധിച്ചിരുന്നില്ല.
2022 ഏഷ്യൻ ഗെയിംസിൽ മനു ഭാകർ 25 മീറ്റർ പിസ്‌റ്റൽ ടീമിനത്തിൽ സ്വർണം നേടിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ലോക ചാമ്പ്യൻഷിപ്പിലും 25 മീറ്റർ പിസ്‌റ്റൽ ഇനത്തിൽ സ്വർണം സ്വന്തമാക്കി. 25 മീറ്റർ പിസ്‌റ്റൽ, പത്ത് മീറ്റർ പിസ്‌റ്റൽ ടീമിനങ്ങളിലും മനു ഭാകർ ഇന്ത്യക്കായി മൽസരിക്കാനിറങ്ങും.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ