കൊച്ചി: സേലം- കൊച്ചി ദേശീയപാതയിൽ മലയാളികളെ ആക്രമിച്ചത് 11 അംഗ സംഘമെന്ന് പോലീസ്. മൂന്ന് വാഹനങ്ങളിലെത്തിയ അക്രമിസംഘം വാഹനങ്ങളിൽ ഉപയോഗിച്ചിരുന്നത് വ്യാജ നമ്പർ പ്ളേറ്റുകളാണെന്നും കവർച്ചാ കേസുകളിൽ സ്ഥിരം പ്രതിയായ പാലക്കാട് സ്വദേശിയാണ് കേസിലെ മുഖ്യ പ്രതിയെന്നും പോലീസ് സ്ഥിരീകരിച്ചു.
ദേശീയപാത കേന്ദ്രീകരിച്ച് കുഴൽപ്പണം, സ്വർണം എന്നിവയുമായി വരുന്നവരെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ ആക്രമണ പദ്ധതികൾ. ഇത്തരത്തിൽ ഒരു വാഹനത്തെ ലക്ഷ്യമിട്ടാണ് ഇവർ വെള്ളിയാഴ്ചയും അക്രമണത്തിനിറങ്ങിയത്. എന്നാൽ, വാഹനം മാറിപോവുകയായിരുന്നു. ആക്രമണത്തിന് ശേഷം, പ്രതികൾ ഉപയോഗിച്ചിരുന്ന കാറുകൾ മലമ്പുഴ ഡാം പരിസരത്താണ് ഒളിപ്പിച്ചിരുന്നത്.
ഇവിടെ നിന്ന് കാറുകൾ മാറ്റുന്നതിനിടെ സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതോടെയാണ് പ്രതികൾ പിടിയിലായത്. മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഏതാനും പേർ കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന. തമിഴ്നാട് മധുക്കര പോലീസും പാലക്കാട് കസബ പോലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
അന്വേഷണത്തിനായി ടിഎസ്പിയുടെ നേതൃത്വത്തിൽ മൂന്നംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചതായും മധുക്കര പോലീസ് അറിയിച്ചു. അതിനിടെ, ആക്രമണത്തിനിരയായ യുവാക്കളുടെ പരാതി പരിഗണിക്കാൻ വിസമ്മതിച്ച കുന്നത്തുനാട് പോലീസിനെതിരെ അന്വേഷണത്തിന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയെ റൂറൽ എസ്പി ചുമതലപ്പെടുത്തി. ബുധനാഴ്ച ഡിവൈഎസ്പി ഇത് സംബന്ധിച്ച റിപ്പോർട് നൽകും.
ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കും. പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേശ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാർ (24) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്രാസ് റജിമെന്റിൽ സൈനികനാണ് അറസ്റ്റിലായ വിഷ്ണു.
എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം, സിദ്ദിഖ്, ചാൾസ് റജി എന്നിവരും സഹപ്രവർത്തകരുമാണ് ആക്രമണത്തിന് ഇരയായത്. മധുക്കര സ്റ്റേഷൻ പരിധിയിലെ എൽ ആൻഡ് ടി ബൈപ്പാസിന് സമീപമായിരുന്നു ആക്രമണം. ബെംഗളൂരുവിൽ നിന്ന് കമ്പനിയിലേക്കുള്ള കമ്പ്യൂട്ടറുകൾ വാങ്ങിയ ശേഷം മടങ്ങി വരികയായിരുന്നു യുവാക്കൾ.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ