ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ‘ആധുനിക കാലത്തെ ജിന്ന’ എന്ന് വിശേഷിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പാകിസ്‌ഥാൻ പ്രദേശത്ത് ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ചോദിച്ചതിന് കഴിഞ്ഞ ദിവസം ശർമ്മ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചിരുന്നു.
“നിങ്ങൾ ശരിക്കും രാജീവ് ഗാന്ധിയുടെ മകനാണോ അല്ലയോ എന്ന് ഞങ്ങൾ എപ്പോഴെങ്കിലും നിങ്ങളോട് ചോദിച്ചിട്ടുണ്ടോ?” ഉത്തരാഖണ്ഡിൽ ബിജെപി തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ ഹിമന്ത ബിശ്വ ശർമ്മ ചോദിച്ചു. രാഹുൽ ഗാന്ധിയുടെ ഭാഷയും വാക് ചാതുര്യവും 1947ന് മുമ്പുള്ള ജിന്നയുടെ ഭാഷക്ക് സമാനമാണ്, ഒരു തരത്തിൽ പറഞ്ഞാൽ രാഹുൽ ഗാന്ധി ആധുനിക ജിന്നയാണെന്നും ശർമ്മ പറഞ്ഞു.
കഴിഞ്ഞ ദിവസവും രാഹുൽ ഗാന്ധിക്ക് എതിരെ അധിക്ഷേപകരമായ പരാമർശവുമായി അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്ത് വന്നിരുന്നു. സര്‍ജിക്കല്‍ സ്ട്രൈക്കിനും ഇന്ത്യയുടെ കോവിഡ് വാക്‌സിനും രാഹുല്‍ ഗാന്ധി നിരന്തരം തെളിവ് ചോദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിമന്ത ശര്‍മ്മയുടെ അധിക്ഷേപ പരാമര്‍ശം.
“സര്‍ജിക്കല്‍ സ്ട്രൈക്കിന് കോണ്‍ഗ്രസ് തെളിവ് ചോദിച്ചു. വാക്‌സിനുകളുടെ ആധികാരികതക്കും അവര്‍ തെളിവ് ചോദിച്ചു. എന്നാല്‍ രാഹുല്‍, രാജീവിന്റെ മകനാണെന്നതിന് തങ്ങള്‍ എപ്പോഴെങ്കിലും തെളിവ് ചോദിച്ചോ,?”- എന്നായിരുന്നു ഹിമന്ത ശര്‍മ്മയുടെ വിവാദ പരാമര്‍ശം.
ചില സമയങ്ങളില്‍ ഇന്ത്യയൊരു രാഷ്‌ട്രമാണെന്ന് കോണ്‍ഗ്രസ് പറയും. ചില സമയങ്ങളില്‍ സംസ്‌ഥാനങ്ങളുടെ യൂണിയനാണെന്ന് അവകാശപ്പെടും. ഇതു കേള്‍ക്കുമ്പോള്‍ ജിന്നയുടെ ആത്‌മാവ് കോണ്‍ഗ്രസിൽ കയറിയതായി തോന്നും. മദ്രസകള്‍ തുറക്കാന്‍ അവകാശമുണ്ടെന്ന് പറയും. മുസ്‌ലിം സര്‍വകലാശാലകള്‍ ആരംഭിക്കാനും അവകാശമുണ്ടെന്ന് പറയും. ഹിജാബ് ധരിക്കുന്നത് അവകാശമാണെന്നും ഇവര്‍ തന്നെ പറയും.
ദ്രുവീകരണത്തിന്റെ രാഷ്‌ട്രീയം നടപ്പിലാക്കാന്‍ വേണ്ടി മാത്രമാണ് ഇവര്‍ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പോടെ ഇതിന് ഒരു അവസാനമാകുമെന്നും ഹിമന്ത ശര്‍മ്മ പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് നേതാവായ ഹിമന്ത ബിശ്വ ശര്‍മ്മ 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയില്‍ എത്തിയത്.
Most Read: ബിജെപിയെ വിമർശിച്ചാൽ ഇഡി അന്വേഷണം; റാണാ അയൂബ്