മുംബൈ: പുതിയ പോലീസ് കമ്മീഷണറായി ഹേമന്ത് നാഗ്രാലെ ചുമതലയേറ്റ് ഒരാഴ്‌ച തികയുമ്പോൾ മുംബൈ പോലീസിൽ കൂട്ട സ്‌ഥലംമാറ്റം. ക്രൈം ബ്രാഞ്ച് യൂണിറ്റുകളിലെ 65 ഉദ്യോഗസ്‌ഥരടക്കം 86 പോലീസ് ഉദ്യോഗസ്‌ഥരെയാണ് വിവിധ പോലീസ് സ്‌റ്റേഷനുകളിലേക്കും മറ്റും സ്‌ഥലംമാറ്റിയത്.
എൻഐഎ അറസ്‌റ്റ് ചെയ്‌ത ക്രൈം ബ്രാഞ്ച് ഉദ്യോഗസ്‌ഥൻ സച്ചിൻ വാസെക്കൊപ്പം ജോലി ചെയ്‌തിരുന്ന ഉദ്യോഗസ്‌ഥരടക്കം സ്‌ഥലംമാറ്റം കിട്ടിയവരുടെ പട്ടികയിലുണ്ട്. വാസെയുടെ സഹപ്രവർത്തകരും അസി. ഇൻസ്‌പെക്‌ടർമാരുമായ റിയാസുദ്ദീൻ കാസിയെ ലോക്കൽ ആംസ് ഡിവിഷനിലേക്കും പ്രകാശ് ഹൊവാൾഡിനെ മലബാർ ഹിൽ പോലീസ് സ്‌റ്റേഷനിലേക്കുമാണ് സ്‌ഥലം മാറ്റിയത്.
ക്രൈം ബ്രാഞ്ചിൽ പ്രമാദമായ പല കേസുകളും അന്വേഷിച്ചിരുന്ന ഉദ്യോഗസ്‌ഥർക്ക് ട്രാഫിക്കിലേക്കും മറ്റ് സ്‌റ്റേഷനുകളിലേക്കുമാണ് മാറ്റം. അസി. പോലീസ് ഇൻസ്‌പെക്‌ടർ സുനിൽ മാനെയെ മുലുന്ദ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.
മുൻ മുംബൈ പോലീസ് കമ്മീഷണറായ പരംബീർ സിങ്ങിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ പോലീസിലെ ഉദ്യോഗസ്‌ഥരെ കൂട്ടത്തോടെ സ്‌ഥലംമാറ്റി ഉത്തരവിറങ്ങിയത്.
Read Also: ‘ഇന്ത്യ ഊഷ്‌മള ബന്ധം ആഗ്രഹിക്കുന്നു’; ഇമ്രാൻ ഖാന് മോദിയുടെ കത്ത്