അബുദാബി: പോയിന്റ് ടേബിളില്‍ ആദ്യത്തെ രണ്ടു ടീമുകള്‍ ഒന്നാമതെത്താന്‍ പരസ്‌പരം ഏറ്റുമുട്ടുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന് വിജയിക്കാന്‍ 163 റണ്‍സ് വേണം. ടോസ് നേടിയ ഡെല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി ഫോമിലുള്ള പൃഥ്വി ഷാ മുംബൈക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പരിചയസമ്പന്നനായ ബൗളര്‍ ട്രെന്റ് ബോള്‍ട്ട് തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ പൃഥ്വി ഷായെ ക്രുണാല്‍ പാണ്ഡ്യയുടെ കൈകളിലെത്തിച്ച് ഡെല്‍ഹിയെ ഞെട്ടിച്ചു.
മൂന്ന് പന്തില്‍ നാല് റണ്‍സായിരുന്നു പൃഥ്വിയുടെ സമ്പാദ്യം. പരുക്കേറ്റ വീക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനു പകരം അലക്‌സ് കാരിയും ബാറ്റ്സ്‍മാൻ ഷിംറോണ്‍ ഹെറ്റ്‌മെയറിനു പകരം അജിന്‍ക്യ രഹാനെയും ഇന്ന് ഡെല്‍ഹിയുടെ പ്ലേയിംഗ് ഇലവനില്‍ ഇടംകണ്ടെത്തി. മുംബൈ ടീമില്‍ മാറ്റങ്ങള്‍ ഒന്നുമില്ലാതെയാണ് ഇന്ന് കളത്തിലിറങ്ങിയത്. വണ്‍ ഡൗണായി ക്രീസിലെത്തിയ രഹാനെ വളരെ ഒഴുക്കോടെയാണ് ബാറ്റിംഗ് തുടങ്ങിയത്. എന്നാല്‍ ഇടംകൈയന്‍ സ്‌പിന്നർ ക്രുണാല്‍ പാണ്ഡ്യയുടെ ഷോര്‍ട്ട് ഓഫ് ലെങ്ത് ബോള്‍ മനസിലാക്കാന്‍ പരാജയപ്പെട്ട രഹാനെ തന്റെ സ്‌കോര്‍ 15ല്‍ എത്തിനില്‍ക്കെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സ്‌കോര്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 24 റണ്‍സ്. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ ശിഖര്‍ ധവാനൊപ്പം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു.
ആറാം ഓവറിലെ നാലാം പന്തില്‍ ഡെല്‍ഹിയുടെ സ്‌കോര്‍ 50 കടന്നു. 32 പന്തില്‍ ധവാന്‍- അയ്യര്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 13ആം ഓവറിലെ രണ്ടാം പന്തില്‍ ഡെല്‍ഹിയുടെ സ്‌കോര്‍ 100 കടന്നു. നല്ല രീതിയില്‍ സ്‌കോര്‍ ബോര്‍ഡ് മുന്നോട്ടു പോകവെ 14ആം ഓവറിലെ മൂന്നാം പന്തില്‍ ശ്രേയസ് അയ്യരെ ടെന്റ് ബോള്‍ട്ടിന്റെ കൈകളിലെത്തിച്ച് ക്രുണാല്‍ പാണ്ഡ്യ മുംബൈക്ക് അനിവാര്യമായ ബ്രേക്ക് ത്രൂ നല്‍കി. സ്‌കോര്‍ മൂന്ന് വിക്കറ്റിന് 109 റണ്‍സ്. 33 പന്തില്‍ 42 റണ്‍സായിരുന്നു അയ്യരുടെ സമ്പാദ്യം. 16ആം ഓവറിലെ രണ്ടാം പന്തില്‍ ധവാന്‍ തന്റെ അര്‍ധ സെഞ്ച്വറി പിന്നിട്ടു. 39 പന്തില്‍ നിന്നാണ് ധവാന്‍ 50 റണ്‍സ് നേടിയത്.
17ആം ഓവറിലെ മൂന്നാം പന്തില്‍ ഇല്ലാത്ത റണ്‍സിനു ശ്രമിച്ച സ്‌റ്റോയിനിസ് റണ്‍ ഔട്ടായി. എട്ട് പന്തില്‍ 13 റണ്‍സായിരുന്നു സ്‌റ്റോയിനിസിന്റെ സമ്പാദ്യം. തുടര്‍ന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‍മാൻ അലക്‌സ് കാരി ക്രീസിലെത്തി. 18.5 ഓവറിൽ ഡെല്‍ഹിയുടെ സ്‌കോര്‍ 150 കടന്നു. 52 പന്തില്‍ പുറത്താവാതെ 69 റണ്‍സെടുത്ത ധവാനാണ് ഡെല്‍ഹിയുടെ ടോപ് സ്‌കോറര്‍. ഒമ്പത് പന്തില്‍ 14 റണ്‍സെടുത്ത അലക്‌സ് കാരിയും കളിയവസാനം ഔട്ടാകാതെ നിന്നു.
Kerala News: ശിവശങ്കറെ കോണ്‍സുലേറ്റ് കാര്യങ്ങള്‍ക്ക് നിയോഗിച്ചത് മുഖ്യമന്ത്രി; സ്വപ്‌ന സുരേഷിന്റെ നിര്‍ണായക മൊഴി