ക്യാപ്റ്റന്റെ കളി; മുംബൈക്ക് അഞ്ചാം ഐപിഎല്‍ കിരീടം

By Sports Desk , Malabar News
Ajwa Travels

ദുബൈ: 2020ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം നിലവിലെ ചാമ്പ്യനായ മുംബൈ ഇന്ത്യന്‍സ് നില നിര്‍ത്തി. ഫൈനലില്‍ ഡെൽഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചാണ് മുംബൈ അഞ്ചാം തവണയും കപ്പ് നേടിയത്. 2013 മുതൽ ഒന്നിടവിട്ട വർഷങ്ങളിൽ കിരീടം ചൂടുന്ന മുംബൈ, ആ പതിവ് തിരുത്തിയാണ് ഇത്തവണ കിരീടം നിലനിർത്തിയത്.

ആദ്യം ബാറ്റ് ചെയ്‌ത ഡെല്‍ഹി നിശ്‌ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തിൽ 156 റണ്‍സാണ് എടുത്തത്. മുംബൈ 18. 4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ വിജയത്തിലെത്തി. മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (68) പ്രകടനമാണ് മുംബൈ വിജയത്തില്‍ നിര്‍ണായകമായത്. ഇഷാന്ത് കിഷന്‍ (19 പന്തില്‍ 33), ക്രുണാല്‍ പാണ്ഡ്യെ (1) എന്നിവര്‍ പുറത്താകാതെ നിന്നു. മുംബൈക്കായി ട്രെന്‍ഡ് ബോള്‍ട്ട് മൂന്ന് വിക്കറ്റ് നേടി.

മുന്‍നിര തകര്‍ന്നുപോയ ഡെല്‍ഹി ബാറ്റിംഗിനെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (പുറത്താകാതെ 65), ഋഷഭ് പന്ത് (56) എന്നിവരുടെ ഇന്നിംഗ്‌സാണ് രക്ഷിച്ചത്. ഒരു ഘട്ടത്തില്‍ 3 വിക്കറ്റിന് 22 റണ്‍സ് എന്ന നിലയില്‍ പതറിയ ഡെല്‍ഹിയെ ഇരുവരും ചേര്‍ന്ന നാലാം വിക്കറ്റിലെ 96 റണ്‍സിന്റെ കൂട്ടുകെട്ടാണ് രക്ഷിച്ചത്. ഡെല്‍ഹിക്കായി റബാദ, സ്‌റ്റോയിനിസ്, നോര്‍ജെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഡെല്‍ഹിയെ ഞെട്ടിച്ച് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീണു. കഴിഞ്ഞ കളിയിലെ താരം മാര്‍കസ് സ്‌റ്റോയിനിസ് (0) ട്രെന്‍ഡ് ബൗള്‍ട്ടിന്റെ പന്തില്‍ ബാറ്റ് വെച്ചത് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ ഗ്‌ളൗസിൽ ഒതുങ്ങുകയായിരുന്നു. തന്റെ രണ്ടാം ഓവറില്‍ അജാങ്ക രഹാനയെ (2) ഡീ കോക്കിന്റെ കൈകളില്‍ എത്തിച്ച് ബൗള്‍ട്ട് ഡെല്‍ഹിക്ക് രണ്ടാമത്തെ പ്രഹരം ഏല്‍പിച്ചു. സ്‌പിന്നർ ജയന്ത് യാദവിനെതിരെ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച ശിഖര്‍ ധവാന്‍ (15) ക്‌ളീൻ ബൗള്‍ഡായതോടെ ഡെല്‍ഹി മുന്‍നിര തകര്‍ന്നു.

തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതോടെ മന്ദഗതിയിലായ സ്‌കോറിന് ക്രുണാല്‍ പാണ്ഡ്യക്കെതിരെ പത്താം ഓവറില്‍ റിഷഭ് പന്ത് രണ്ട് സിക്‌സ് അടിച്ചതോടെയാണ് ജീവന്‍ വച്ചത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ കരുതലോടെ കളിച്ചപ്പോള്‍ പ്രത്യാക്രമണ ശൈലിയിലായിരുന്നു പന്ത് ബാറ്റ് വീശിയത്.

ഇതിനിടെ 35 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ പന്ത് 50 തികച്ചു. അര്‍ധ ശതകം തികച്ചയുടന്‍ നഥാന്‍ കൗള്‍ട്ടറിനെ ഉയര്‍ത്തിയടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാൻ ഹാര്‍ദിക് പാണ്ഡ്യ പിടിച്ച് പുറത്തായി. പിന്നാലെ 40 പന്തുകളില്‍ നിന്ന് ശ്രേയസ് അയ്യര്‍ അര്‍ധ ശതകം തികച്ചു. ഷിംറോണ്‍ ഹെറ്റ്മീര്‍ (5) ബൗള്‍ട്ടിന്റെ സ്ളോ ബോളില്‍ കൗള്‍ട്ടര്‍ പിടിച്ച് പുറത്തായി.

മറുപടി ബാറ്റിംഗില്‍ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡി കോക്കും മുംബൈക്ക് സ്‌ഫോടനാത്‌മക തുടക്കമാണ് നല്‍കിയതെങ്കിലും അധികം വൈകാതെ ഡി കോക്ക് മടങ്ങി. മാര്‍കസ് സ്‌റ്റോയിനിസ് എറിഞ്ഞ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി ഡി കോക്ക് (12 പന്തില്‍ 20) മടങ്ങുമ്പോള്‍ 45 റണ്‍സായിരുന്നു മുംബൈ സ്‌കോര്‍.

IPL Celebration_Malabar Newsനേരിട്ട ആദ്യ രണ്ട് പന്തുകളില്‍ ഫോറും സിക്‌സുമടിച്ച് തുടങ്ങിയ സൂര്യകുമാര്‍ യാദവും രോഹിത് ശര്‍മയും ചേര്‍ന്നുള്ള കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നേറുമ്പോള്‍ രോഹിതുമായുള്ള ധാരണ പിശകിനെ തുടര്‍ന്ന് സൂര്യകുമാര്‍ (19) റണ്‍ ഔട്ടായി. ക്യാപ്റ്റന്റെ കളി പുറത്തെടുത്ത രോഹിത് 36 പന്തുകളില്‍ നിന്ന് 4 സിക്‌സും 3 ഫോറും ഉള്‍പ്പെടെ അര്‍ധ ശതകം തികച്ചു.

വിജയത്തിന് 20 റണ്‍സ് പിന്നില്‍ നില്‍ക്കുമ്പോള്‍ നോര്‍ജെയുടെ പന്തില്‍ പകരക്കാരന്‍ ഫീല്‍ഡര്‍ പിടിച്ച് രോഹിത് (51 പന്തില്‍ 68) പുറത്തായി. പിന്നാലെ കെയ്‌റോണ്‍ പൊളളാര്‍ഡ് (9) റബാദയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായെങ്കിലും ഈ സീസണില്‍ തന്റെ 30ആമത്തെ സിക്‌സ് അടിച്ച ഇന്നിംഗ്‌സോടെ ഇഷാന്ത് കിഷന്‍ മുംബൈയെ വിജയത്തിലെത്തിച്ചു.

Most Read: ‘റോക്കറ്റ് രശ്‌മിയാകാന്‍’ കഠിന പ്രയത്‌നത്തില്‍ തപ്‌സി; ചിത്രം വൈറല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE