കണക്കില്‍ കരുത്തര്‍ മുംബൈ; പ്രവചനാതീതം ഡെൽഹി

By Sports Desk , Malabar News
MALABARNEWS-MI-DC
Ajwa Travels

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13ആം സീസണ്‍ ഫൈനലില്‍ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യന്‍സും ഡെൽഹി ക്യാപിറ്റല്‍സും ഏറ്റു മുട്ടുമ്പോള്‍ ആരാകും കപ്പ് ഉയര്‍ത്തുക? നാല് തവണ ജേതാക്കളായ മുംബൈ കിരീടം നില നിര്‍ത്തുമോ അതോ ഡെൽഹിയിലൂടെ പുതിയ കിരീടാവകാശി ഉണ്ടാകുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്. കരുത്തും കണക്കിലെ കളികളും ഒരിക്കല്‍ കൂടി മുംബൈക്ക് സാധ്യതകള്‍ കല്‍പിക്കുമ്പോള്‍ ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത ടീമാണ് ഡെൽഹിയെന്ന് കടുത്ത മുംബൈ ആരാധകര്‍ പോലും സമ്മതിക്കും.

കരുത്തരുടെ നിരയാണ് മുംബൈയുടെ കരുത്ത്, ഒപ്പം കളി മികവിനുള്ള നേട്ടങ്ങളുടെ റെക്കോര്‍ഡും. നാല് തവണ ജേതാക്കളായ മുംബൈയാണ് 2008ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിച്ച ശേഷം ഏറ്റവും കൂടുതല്‍ തവണ കിരീടത്തില്‍ മുത്തമിട്ടത്. മറുഭാഗത്തുള്ള ഡെൽഹി കണക്കുകളില്‍ മുംബൈയുടെ മറുഭാഗത്താണ് നില്‍ക്കുന്നത്. 12 വര്‍ഷം കളിച്ചിട്ടും ഒരു തവണ പോലും ഫൈനലില്‍ എത്താത്തതെന്ന പേരുദോഷമുള്ള ഏക ടീമാണ് ഡെൽഹി. ഇത്തവണ പേരുദോഷം മാറ്റി ഫൈനലില്‍ എത്തുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞ ലക്ഷ്യമൊന്നും ഡല്‍ഹിക്കില്ല.

ലോക പ്രശസ്‌ത താരങ്ങളുടെ സാന്നിധ്യമാണ് പോയിന്റ് പട്ടികയില്‍ ഒന്നാമതായി പ്ലേ ഓഫില്‍ പ്രവേശിച്ച മുംബൈയുടെ കരുത്ത്. ഹിറ്റ്മാന്‍ രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ഓരോ താരങ്ങളും കളിയില്‍ നിര്‍ണായക സംഭാവന നല്‍കാന്‍ കഴിവുള്ളവരാണ്. 15 കളികളില്‍ നിന്ന് 483 റണ്‍സ് നേടി ഓറഞ്ച് ക്യാപ്പിനുള്ള പട്ടികയില്‍ അഞ്ചാമതുള്ള ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക് ഓപ്പണിംഗിലും വിക്കറ്റ് കീപ്പിങ്ങിലും മുംബൈയുടെ വിശ്വസ്‌തനാണ്.

തന്റേതായ ദിവസങ്ങളില്‍ എതിര്‍ ടീമിന്റെ ബൗളിംഗ് നിരയുടെ അന്തകനാകുന്ന രോഹിത് ശര്‍മയ്‌ക്കൊപ്പം ഡീ കോക്കും കൂടി ചേരുന്ന ഓപ്പണിംഗ് കൂട്ടുകെട്ട് ക്ളിക്ക് ആയാല്‍ തന്നെ മുംബൈ പാതി വിജയിച്ചുവെന്ന് പറയാം. ഈ ഐപിഎല്ലിലെ താരങ്ങളായ സൂര്യകുമാര്‍ യാദവ്, ഇഷാൻ കിഷന്‍ എന്നിവര്‍ നയിക്കുന്ന മുംബൈ മധ്യനിര സ്‌ഥിരത കൊണ്ടും ആക്രമണോൽസുകത കൊണ്ടും എതിരാളികളുടെ പേടി സ്വപ്‌നമാണ്. 29 സിക്‌സോടെ ഈ ഐപി എല്ലില്‍ സിക്‌സര്‍ വേട്ടയില്‍ ഒന്നാമതുള്ള ഇഷാൻ ഇതുവരെ 483 റണ്‍സ് നേടിക്കഴിഞ്ഞു.

15 കളികളില്‍ നിന്ന് 461 റണ്‍സ് നേടിയ സൂര്യകുമാറാണ് മുംബൈ മധ്യനിരയുടെ നട്ടെല്ല്. ഇവര്‍ക്കൊപ്പം ക്രുണാല്‍ പാണ്ഡ്യയും സൗരഭ് തിവാരിയും കൂടി ചേരുമ്പോള്‍ മുംബൈ മധ്യനിരയുടെ കരുത്ത് അതിന്റെ പൂര്‍ണതയിലെത്തും. കീരണ്‍ പൊള്ളാര്‍ഡിനെപ്പോലെ സ്‌ഫോടനാത്‌മക ബാറ്റിംഗും അവിശ്വസനീയ ഫീല്‍ഡിംഗും ഒത്തു ചേരുന്ന ഒരു താരത്തിന്റെ സാന്നിധ്യമാണ് മുംബൈയുടെ മറ്റൊരു പ്ളസ് പോയിന്റ്. പൊള്ളാര്‍ഡും മറ്റൊരു വെടിക്കെട്ട് താരം ഹാര്‍ദിക് പാണ്ഡ്യെയും അവസാന ഓവറുകളില്‍ ബാറ്റിംഗിന് ഇറങ്ങിയാല്‍ മുംബൈ സ്‌കോര്‍ എവിടെ ചെന്ന് അവസാനിക്കുമെന്ന് പ്രവചിക്കാന്‍ പോലും കഴിയില്ല.

ഈ സീസണിലെ ഏറ്റവും മികച്ച ബൗളിംഗ് ഡിപ്പാര്‍ട്ടുമെന്റും മുംബൈക്ക് സ്വന്തമാണ്. ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത്‌ ബുംറ നയിക്കുന്ന ബൗളിംഗ് നിരയില്‍ ട്രെന്‍ഡ് ബൗള്‍ട്ടിന്റെയും ജയിംസ് പാറ്റന്‍സണിന്റെയും നഥാന്‍ കൗള്‍ട്ടറിന്റെയും സാന്നിധ്യം എതിര്‍ ടീമിന്റെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നതാണ്.

മറുഭാഗത്ത് കണക്കുകളുടെ കഥ പറയാനില്ലെങ്കിലും തോല്‍ക്കാന്‍ മനസില്ലാത്ത യുവാക്കളുടെ സംഘമാണ് പോണ്ടിംഗിന്റെ കുട്ടികള്‍. താരപ്പകിട്ടോ റെക്കോര്‍ഡുകളുടെ പിന്‍ബലമോ ഇല്ലാതെ വന്ന് ഫൈനലില്‍ എത്തിയ ഡെൽഹിയുടെ ഏറ്റവും വലിയ കരുത്ത് തളരാത്ത പോരാട്ട വീര്യമാണ്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ മാറ്റി നിര്‍ത്തിയാല്‍ താരപ്പകിട്ടുള്ള ആരുമില്ല. ഈ സീസണില്‍ രണ്ട് സെഞ്ചുറികള്‍ ഉള്‍പ്പെടെ 602 റണ്‍സ് നേടി ഓറഞ്ച് ക്യാപ്പിന് കെ എല്‍ രാഹുലിന് ശക്‌തനായ പ്രതിയോഗിയായ ധവാനൊപ്പം സ്‌ഥിരതയുള്ള ഒരു ഓപ്പണറെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് ഡെൽഹിയുടെ പ്രധാന ദൗര്‍ബല്യമാണ്.

Read Also: വനിതാ ടി-20 ചലഞ്ച് കിരീടം ട്രെയൽ ബ്ളെയ്‌സേഴ്‌സിന്

പ്രിഥ്വി ഷായെയും അജിങ്ക്യ രഹാനയെയും മാറി മാറി പരീക്ഷിച്ച് പരാജയപ്പെട്ട ഓപ്പണിംഗ് സ്‌ഥാനം കഴിഞ്ഞ മൽസരത്തില്‍ മാര്‍കസ് സ്‌റ്റോയിനിസിലൂടെ ഭദ്രമായിരുന്നത് ഫൈനലില്‍ ഡെൽഹിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, അജിങ്ക്യ രഹാനെ, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് എന്നിവരുടെ പ്രകടനമാകും ഡെൽഹി മധ്യനിരയില്‍ നിര്‍ണായകമാകുക.

ഓസ്‌ട്രേലിയന്‍ താരം മാര്‍കസ് സ്‌റ്റോയ്‌നിസിന്റെ ഓള്‍ റൗണ്ട് മികവാണ് ഡെൽഹിയുടെ ഏറ്റവും വലിയ കരുത്തുകളിലൊന്ന്. സ്ളോഗ് ഓവറുകളില്‍ ആക്രമിച്ച് കളിക്കുന്ന ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സ്‌പിന്നർ അക്‌സര്‍ പട്ടേല്‍ എന്നിവരുടെ സാന്നിധ്യം കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യം വെക്കാൻ ഡെൽഹിക്ക് കരുത്തേകും.

മുംബൈയെപ്പോലെ തന്നെ കരുത്തുറ്റതാണ് ഡെൽഹി ബൗളിംഗ് നിരയുമെന്ന് ഈ സീസണിലെ മൽസരങ്ങള്‍ തെളിയിച്ചതാണ്. കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, ആര്‍ അശ്വിന്‍ എന്നിവരടങ്ങുന്ന ബൗളിംഗ് ഡിപ്പാര്‍ട്ടുമെന്റ് ഏത് കരുത്തുറ്റ ബാറ്റിംഗ് നിരയിലും വിള്ളല്‍ വീഴ്‌ത്താൻ കഴിവുള്ളതാണ്.

എല്ലാത്തിനുമുപരി റിക്കി പോണ്ടിംഗ് എന്ന ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം പരിശീലിപ്പിക്കുന്ന ടീം എന്ന ‘പ്രിവിലേജ്’ ഡെൽഹിക്കുണ്ട്. താരപ്പകിട്ടില്ലാത്ത ടീമിനെ ഫൈനല്‍ വരെ എത്തിച്ച പോണ്ടിംഗിന് ഫൈനലിലും അൽഭുതങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയുമെന്ന് ഡെൽഹി ആരാധകര്‍ വിശ്വസിക്കുന്നു. പ്ലേ ഓഫിലടക്കം എല്ലാ മൽസരങ്ങളിലും ഡെൽഹിയെ തോല്‍പിച്ച മുംബൈ ഫൈനലിലും വിജയം ആവര്‍ത്തിക്കാമെന്ന് കണക്കു കൂട്ടുമ്പോള്‍ ഒരു അട്ടിമറി ജയത്തിലൂടെ കന്നി ഐ പി എല്‍ കിരീടം സ്വന്തമാക്കാമെന്ന വിശ്വാസത്തിലാണ് ഡെൽഹി.

Read Also: ഐഎസ്എല്‍ പ്രീസീസണ്‍; ബ്‌ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും; എതിരാളി ഈസ്‌റ്റ് ബംഗാള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE