കോഴിക്കോട്: നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 250 കിലോ പഴകിയ മല്‍സ്യം പിടികൂടി. കോര്പറേഷന് തിരഞ്ഞെടുപ്പും കോവിഡ് സാഹചര്യവും മൂലം നിര്‍ത്തിവെച്ച പരിശോധന ആരോഗ്യ വിഭാഗം വീണ്ടും ആരംഭിച്ചതോടെയാണ് പഴകിയ മല്‍സ്യം പിടികൂടിയത്.
ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ വിപി ഇസ്മയില്‍ എന്ന മൗലായുടെ സ്റ്റാളില്‍നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത, പഴകിയ മല്‍സ്യം പിടികൂടിയത്. വൃത്തിഹീനമായ തെര്‍മോകോള്‍ ബോക്സുകളിലും കേടുവന്ന ഫ്രീസറുകളിലും ആയിരുന്നു പിടികൂടിയ മീനുകള്‍ സൂക്ഷിച്ചിരുന്നത്. അയല, സൂത, തിലാപ്പിയ, സ്രാവിന്റെ തലഭാഗം എന്നിവ പിടികൂടിയവയില്‍ ഉള്‍പ്പെടും.
കുറ്റക്കാര്‍ക്കെതിരെ പിഴ ചുമത്തുമെന്നും മറ്റ് നിയമനടപടി സ്വീകരിക്കുമെന്നും കോര്പറേഷന് ഹെല്‍ത്ത് ഓഫിസര്‍ ഡോ ആര്‍എസ് ഗോപകുമാര്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി ശിവന്, ജെഎച്ച്ഐ ഇപി ശൈലേഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. വരുംദിവസങ്ങളിലും നഗരപരിധിയില്‍ കര്‍ശന പരിശോധന തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Malabar News: കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്; രണ്ട് പേർ പിടിയിൽ







































