ചെന്നൈ: ചെന്നൈയിലെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിക്ക് മുന്നിൽ ഓക്സിജൻ ഓട്ടോയുമായി യുവതി. 36കാരിയായ സീതാ ദേവിയാണ് കോവിഡ് രോഗികൾക്ക് പ്രാണവായു നൽകാൻ സന്നദ്ധയായി ആശുപത്രിക്ക് പുറത്ത് ഓട്ടോയുമായി നിൽക്കുന്നത്.
സീതാ ദേവിയുടെ അമ്മ കോവിഡ് ബാധിച്ച് മരിച്ചതിന് ശേഷമാണ് അവർ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. സമയത്തിന് ഓക്സിജനും ചികിൽസയും കിട്ടാതെയാണ് സീതാ ദേവിയുടെ അമ്മ മരിച്ചത്. കോവിഡ് രോഗിയായ അമ്മക്ക് ചികിൽസ തേടി രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ എത്തിയ സീതക്ക് കിടക്ക സംഘടിപ്പിക്കാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു. പിന്നീട് ഏറെ വൈകി കിടക്ക കിട്ടിയെങ്കിലും അപ്പോഴേക്കും 65കാരിയായ അമ്മ മരണത്തിന് കീഴടങ്ങിയിരുന്നു. മെയ് ഒന്നിനാണ് സീതാ ദേവിയുടെ അമ്മ മരിച്ചത്.
അതിന് ശേഷം തന്റെ അമ്മക്കുണ്ടായ അവസ്ഥ മറ്റാർക്കും വരരുതെന്ന ചിന്തയിൽ മെയ് ആറ് മുതൽ സീതാ ദേവി രാജീവ് ഗാന്ധി ജനറൽ ആശുപത്രിക്ക് മുന്നിൽ ഓക്സിജൻ ഓട്ടോയുമായി എത്തുന്നുണ്ട്. “എന്റെ അമ്മ വിജയക്ക് സമയത്ത് ഓക്സിജൻ ലഭിച്ചിരുന്നെങ്കില്‍ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു. മെയ് ആദ്യ വാരത്തില്‍ രാജീവ് ഗാന്ധി ആശുപത്രിക്ക് മുന്പില് എന്റെ അമ്മയെപ്പോലെ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ നിരവധി രോഗികളെ കണ്ടു. അതുകൊണ്ടാണ് കോവിഡ് രോഗികള്‍ക്കായി ഓട്ടോറിക്ഷയില്‍ ഓക്സിജൻ സിലിണ്ടര്‍ കരുതാന്‍ തീരുമാനിച്ചത്,”- സീതാ ദേവി പറയുന്നു.
സ്ട്രീറ്റ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന എന്‍ജിഒയുടെ സംഘാടകയാണ് സീതാ ദേവി. എയ്ഡ്സ് ബാധിതര്‍ക്കും ട്രാന്‍സ് ജെൻഡേഴ്സിനും സഹായമെത്തിക്കുക, ചേരികളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ട്യൂഷന് നല്‍കുക എന്നിവയാണ് ഈ എന്‍ജിഒയുടെ പ്രധാന പ്രവർത്തനങ്ങൾ.
സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഓട്ടോ ഈ കോവിഡ് കാലത്ത് രോഗികളെ സഹായിക്കാനായി ഉപയോഗിക്കുകയാണ്. ആര്‍ക്കെങ്കിലും അടിയന്തരമായി ഓക്സിജൻ വേണ്ടിവന്നാല്‍ പിപിഇ കിറ്റ് ധരിച്ച് തന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ ഓട്ടോയില്‍ കരുതിയ ഓക്സിജൻ നല്‍കുമെന്ന് സീതാ ദേവി വിശദീകരിച്ചു. കോവിഡ് രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും ഓട്ടോറിക്ഷ ഉപയോഗിക്കുന്നുണ്ട്. ഏകദേശം 300 കോവിഡ് രോഗികളെ ഇതുവരെ സഹായിക്കാന്‍ കഴിഞ്ഞെന്ന് സീതാദേവി പറഞ്ഞു.








































