കോംഗോയിലെ അജ്‌ഞാത രോഗം ഡിസീസ് എക്‌സോ? ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന

രാജ്യത്തെ ഉൾപ്രദേശങ്ങളിൽ ഒന്നായ ക്വാൻഗോയിൽ തലവേദനയും കഫക്കെട്ടും മൂക്കൊലിപ്പും ശരീരവേദനയും കാരണം ചികിൽസയിൽ എത്തിയത് 406 പേരാണ്. അതിൽ 31 പേർ വ്യത്യസ്‌ത ദിവസങ്ങളിലായി മരണമടയുകയും ചെയ്‌തു.

By Senior Reporter, Malabar News
covid-virus-usa
Rep. Image
Ajwa Travels

കോംഗോയിൽ അജ്‌ഞാത രോഗം പടരുന്നതിന് ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന. രോഗബാധിതരായി ചികിൽസ തേടിയ 406 പേരിൽ 31 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ കൂടുതൽ കുട്ടികളാണെന്നതാണ് ആശങ്ക സൃഷ്‌ടിക്കുന്നത്.

പനിയാണ് പ്രധാന രോഗലക്ഷണം. പിന്നീട് രോഗികളുടെ ആരോഗ്യനില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമാണ് ചെയ്യുന്നത്. അജ്‌ഞാത രോഗത്തിൽ ആശങ്ക പ്രകടിപ്പിച്ച ലോകാരോഗ്യ സംഘടന, രോഗം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി വിദഗ്‌ധ സംഘത്തെ കോംഗോയിലേക്ക് അയച്ചിരിക്കുകയാണ്. തിരിച്ചറിയപ്പെടാത്ത രോഗം എന്നാണ് ലോകാരോഗ്യ സംഘടന ഈ രോഗത്തെ നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

മരണനിരക്ക് വർധിക്കുകയും രോഗം എന്തെന്ന് നിർണയിക്കപ്പെടാൻ സാധിക്കാതെ വരികയും ചെയ്‌ത സാഹചര്യത്തിലാണ് കോംഗോയിലെ ആരോഗ്യ മന്ത്രാലയം ലോകാരോഗ്യ സംഘടനയെ വിവരമറിയിച്ചത്. രാജ്യത്തെ ഉൾപ്രദേശങ്ങളിൽ ഒന്നായ ക്വാൻഗോയിൽ തലവേദനയും കഫക്കെട്ടും മൂക്കൊലിപ്പും ശരീരവേദനയും കാരണം ചികിൽസയിൽ എത്തിയത് 406 പേരാണ്. അതിൽ 31 പേർ വ്യത്യസ്‌ത ദിവസങ്ങളിലായി മരണമടയുകയും ചെയ്‌തു.

അതേസമയം, ലക്ഷണങ്ങൾ നയിക്കുന്നത് ‘ഡിസീസ് എക്‌സ്’ (Disease X) എന്ന രോഗത്തിലേക്കാണെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, രോഗബാധിത പ്രദേശങ്ങളിലൂടെ നിലവിലെ സാഹചര്യവും രോഗം പടരുന്ന അവസ്‌ഥയും കണക്കിലെടുത്തുകൊണ്ട് സംശയിക്കപ്പെടുന്നതുമായ അനവധി രോഗങ്ങൾ ലാബ് ടെസ്‌റ്റുകളിലൂടെയും കൂടുതൽ പരിശോധനകളിലൂടെയും നിർണയിക്കപ്പെടേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കുന്നു.

റിപ്പോർട് ചെയ്യപ്പെട്ട എല്ലാ കേസുകളിലും പോഷകാഹാരക്കുറവ് നേരിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗുരുതര ഭക്ഷ്യദൗർലഭ്യം നേരിടുന്നതും രോഗനിർണയമോ, ചികിൽസയോ ലഭ്യമാവാത്തതും, വാക്‌സിനേഷൻ നിരക്ക് വളരെ കുറഞ്ഞതുമായ പ്രദേശങ്ങളിലാണ് പകർച്ചവ്യാധി കൂടുതലായി റിപ്പോർട് ചെയ്യുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

Disease X

എന്താണ് ‘ഡിസീസ് എക്‌സ്’ (Disease X)

ഡിസീസ് എക്‌സിലെ ‘എക്‌സ്’ എന്നതുകൊണ്ട് അർഥമാക്കുന്നത്, നമുക്ക് അറിയാത്ത എന്തോ അവയെല്ലാം എന്നതാണ്. അതായത് പുതിയൊരു രാഗമായിരിക്കും ഇത്. അതിനാൽ തന്നെ അത് ഏത് വിധത്തിൽ രൂപപ്പെട്ടാലും അതിനെക്കുറിച്ചുള്ള അറിവുകൾ പരിമിതമായിരിക്കും. എപ്പോൾ സ്‌ഥിരീകരിക്കപ്പെടും എന്നോ വ്യാപിക്കുമെന്നോ ധാരണയില്ല. പക്ഷേ ഡിസീസ് എക്‌സ് വൈകാതെ വരും എന്നും നാം സജ്‌ജമായിരിക്കണം എന്നതുമാണ് പ്രധാനം.

2018ലാണ് ലോകാരോഗ്യ സംഘടന ആദ്യമായി ഡിസീസ് എക്‌സ് എന്ന പദം ഉപയോഗിക്കുന്നത്. ഒരുവർഷത്തിന് പിന്നാലെ കോവിഡ് 19 എന്ന വൈറസ് ഉടലെടുക്കുകയും ലോകമെമ്പാടും വ്യാപിക്കുകയും ചെയ്‌തു. അന്നും ഡിസീസ് എക്‌സ് മുന്നറിയിപ്പ് നൽകി. ആഗോളതലത്തിൽ തീവ്രമായി വ്യാപിച്ചേക്കാവുന്ന വൈറസ് ഉടലെടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കിയത്‌.

1918-20 കാലഘട്ടത്തിൽ പടർന്നുപിടിച്ച സ്‌പാനിഷ്‌ ഫ്‌ളൂ പോലെ കടുപ്പമേറിയതാകും ‘ഡിസീസ് എക്‌സ് എന്നാണ്’ വിലയിരുത്തൽ. അന്ന് ലോകമാകെ 50 ദശലക്ഷം ആളുകളാണ് മരണത്തിന് കീഴടങ്ങിയത്. അതുപോലെ ഭീകരമാകും ഡിസീസ് എക്‌സ് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, പുതിയ രോഗാണു വൈറസോ ബാക്‌ടീരിയയോ ഫംഗസോ എന്ന് സ്‌ഥിരീകരണമില്ല. അതേസമയം, രോഗത്തിനെതിരെ ചികിൽസകളൊന്നും നിലവിലില്ലെന്നത് ആശങ്ക ഉളവാക്കുന്നതാണ്.

പനി, രക്‌തസ്രാവം പോലുള്ള പ്രശ്‌നങ്ങളാണ് ഡിസീസ് എക്‌സിൽ കാര്യമായി കാണപ്പെടുന്നതെന്നാണ് നിലവിലുള്ള വിവരം. വൈറസോ ബാക്‌ടീരിയയോ ഫംഗസോ എന്ന് സ്‌ഥിരീകരണമില്ലാത്ത സാഹചര്യത്തിലാണ് രോഗത്തിന് ‘എക്‌സ്’ എന്ന് പേര് നൽകിയിരിക്കുന്നത്.

കൊവിഡിനേക്കാൾ ഇരുപത് ഇരട്ടിയോളം തീവ്രതയുള്ളതും ഉയർന്ന വ്യാപനശേഷിയും മരണസാധ്യതയുമുള്ള രോഗമാണ് ഡിസീസ് എക്‌സ് എന്നാണ് പല വിദഗ്‌ധരും അഭിപ്രായപ്പെടുന്നത്. കൊവിഡിന്റെ ഭീഷണി ഏറെക്കുറെ കെട്ടടങ്ങിയെന്ന അവസ്‌ഥയിലേക്ക് നമ്മളെത്തുകയാണിപ്പോൾ. ഇതിനിടെയാണ് കൊവിഡിനേക്കാൾ മാരകമായേക്കാമെന്ന സൂചനയോടെ പുതിയ രോഗം ഭീഷണി ഉയർത്തുന്നത്.

Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE