കൊച്ചി: കുതിരാൻ തുരങ്ക പാത അടിയന്തിരമായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ദേശീയ പാത അതോറിറ്റി ഇന്ന് ഹൈക്കോടതിയിൽ മറുപടി വ്യക്തമാക്കും. ചീഫ് വിപ്പും സ്ഥലം എംഎൽഎയുമായ കെ രാജൻ നൽകിയ ഹരജിയാണ് ഇന്ന് കോടതിയിൽ പരിഗണിക്കുക.
ദിനംപ്രതി അപകടങ്ങൾ പതിവാകുന്ന കുതിരാനിൽ ഒരു ഭാഗത്തേക്ക് എങ്കിലുമുള്ള തുരങ്ക പാത അടിയന്തിരമായി തുറക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ കോടതിയുടെ മേൽനോട്ടത്തിൽ നിർമാണം പൂർത്തീകരിക്കണമെന്നും ഹരജിയിൽ പറയുന്നുണ്ട്. ഹരജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് പരിഗണിക്കും.
കരാർ കമ്പനിയും ദേശീയ പാത അതോറിറ്റി അധികൃതരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് നിർമാണം നിലക്കാൻ കാരണമെന്നാണ് ഹർജിക്കാരന്റെ ആരോപണം. വിഷയത്തിൽ നേരത്തെ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടമാക്കിയിരുന്നു. അതോറിറ്റിയുടെ അനാസ്ഥയും പിടിപ്പുകേടും മൂലം പൊതുജനം പൊറുതിമുട്ടുകയാണെന്ന് ഹൈക്കോടതി വിമർശിച്ചു.
നിർമാണം പൂർത്തിയാക്കാൻ അതോറിറ്റിക്ക് എന്തെങ്കിലും ഉദ്ദേശമോ പദ്ധതിയോ ഉണ്ടോയെന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. കുതിരാനിൽ വർദ്ധിച്ച റോഡ് അപകടങ്ങളിലും കോടതി ആശങ്ക രേഖപ്പെടുത്തി. വിഷയത്തിൽ എന്ത് പരിഹാരം ഉണ്ടാക്കാനാകുമെന്ന് വിശദീകരിക്കുന്ന റിപ്പോർട് സമർപ്പിക്കാൻ അതോറിറ്റിക്ക് നിർദേശവും നൽകിയിരുന്നു.
നിർമാണം നിലച്ച അവസ്ഥയിലാണെന്നും കരാർ കമ്പനിയുമായി തർക്കങ്ങളുണ്ടെന്നും ദേശീയ പാത അതോറിറ്റി വിശദീകരിച്ചു. രാഷ്ട്രീയ തർക്കങ്ങളും സമരങ്ങളും തിരിച്ചടിയായെന്നും അതോറിറ്റി ഹൈക്കോടതിയിൽ നിലപാടെടുത്തു.
Read also: ഇന്ത്യൻ എക്സ്പ്രസിന് റിപ്പബ്ളിക് ടിവിയുടെ വക്കീൽ നോട്ടീസ്







































