തിരുവനന്തപുരം: ഈ വര്‍ഷത്തെ നവരാത്രി ഘോഷയാത്ര ആചാരപരമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ തീരുമാനം. നവരാത്രി ഘോഷയാത്രയുടെ നടത്തിപ്പ് ചര്‍ച്ച ചെയ്യുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഒക്ടോബർ 14ന് പദ്മനാഭപുരത്ത് നിന്നും എഴുന്നള്ളത്ത് ആരംഭിക്കും. ആനയും വെള്ളിക്കുതിരയും സാധാരണ കൊണ്ടുവരുന്ന പല്ലക്കുകളും ഒഴിവാക്കിയിട്ടുണ്ട്. പകരം നാല് പേര് വീതം എടുക്കുന്ന പല്ലക്കുകളില്‍ സരസ്വതിയമ്മനെയും കുമാരസ്വാമിയെയും മുന്നൂറ്റിനങ്കയെയും എഴുന്നള്ളിക്കാനാണ് തീരുമാനം.
തന്ത്രിയുമായും കൊട്ടാരം പ്രതിനിധികളുമായും ചര്‍ച്ച ചെയ്ത് ബ്രാഹ്മണ സഭ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെയും നവരാത്രി ട്രസ്റ്റുകളുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് എഴുന്നള്ളത്ത് നടത്തേണ്ടതിനാല്‍ വഴിയിലുള്ള സ്വീകരണവും ആഘോഷങ്ങളും ഒഴിവാക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
റോഡില്‍ തിരക്ക് കുറഞ്ഞ സമയങ്ങളിലാകും എഴുന്നള്ളത്ത് നടത്തുക. ആഘോഷങ്ങള്‍ക്ക് മുന്‍പായി ശാന്തിക്കാരെയും പല്ലക്ക് എടുക്കുന്നവരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കും.
Read also: ആരോഗ്യമന്ത്രിയെ മാറ്റി കർണാടകാ സർക്കാർ; കേരളത്തെ മാതൃകയാക്കുമെന്ന് പുതിയ മന്ത്രി







































