ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കെട്ടിട സമുച്ചയത്തിന്റെ തറക്കല്ലിട്ട് ഒരു മാസം പിന്നിടവെയാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മോദി സർക്കാരിന്റെ അഭിമാന പദ്ധതിയാണ് പുതിയ പാർലമെന്റ് മന്ദിരവും അതിനോട് ചേർന്ന കെട്ടിടങ്ങളും.
പുതിയ പാർലമെന്റ് മന്ദിരം ത്രികോണാകൃതിയിൽ ആയിരിക്കും പണി കഴിപ്പിക്കുക. 2022ൽ സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികം ആഘോഷിക്കുന്ന വേളയിൽ നിർമാണം പൂർത്തിയാക്കി തുറന്നു കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022ലെ പാർലമെന്റ് മൺസൂൺ സെഷൻ പുതിയ മന്ദിരത്തിൽ വെച്ച് ചേരാനാണ് സർക്കാർ ആലോചന.
ടാറ്റ പ്രൊജക്റ്റ് ലിമിറ്റഡ് നിർമിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന് കഴിഞ്ഞ ഡിസംബർ 10നാണ് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടത്. 971 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ഈ ആഴ്ച തുടക്കത്തിൽ 14 അംഗ ഹെറിറ്റേജ് പാനൽ പുതിയ പാർലമെന്റ് കെട്ടിടത്തിന് അംഗീകാരം നൽകിയിരുന്നു.
പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കുന്നതിന് മുമ്പ് പാനലിൽ നിന്നും മറ്റ് ബന്ധപ്പെട്ട അധികാരികളിൽ നിന്നും മുൻകൂർ അനുമതി തേടണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. വിഷയവുമായി ബന്ധപ്പട്ട ഹരജികളിൽ സുപ്രീംകോടതി തീരുമാനം വരുന്നത് വരെ പ്രദേശത്ത് നിർമാണമോ പൊളിച്ചുനീക്കലോ ആരംഭിക്കില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് നിർമാണം വൈകിയത്.
Read Also: കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണയുമായി ഐഎംഎഫ്; ‘ഉല്പാദനവും ഗ്രാമീണ വളര്‍ച്ചയും വര്‍ധിപ്പിക്കും’







































