തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട് ഒഴിപ്പിക്കുന്നതിനിടെ ആത്‍മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ച സംഭവം തിരുവനന്തപുരം റൂറൽ എസ്‌പി ബി അശോകന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഡിജിപിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.
അതേസമയം, മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും. ഇവർക്ക് വീടും സ്‌ഥലവും നൽകും. അടിയന്തര നടപടിക്ക് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. അച്ഛനെ അടക്കം ചെയ്‌ത മണ്ണിൽ തന്നെ തങ്ങൾക്ക് ജീവിക്കണമെന്നാണ് കുട്ടികളുടെ ആവശ്യം.
തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെ തീകൊളുത്തി ആത്‌മഹത്യക്ക് ശ്രമിച്ച ദമ്പതികൾ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചയാണ് ദമ്പതികളുടെ മരണത്തിന് കാരണമായതെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അനാഥരായ കുട്ടികളെ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്
Also Read: അഭയ കേസ്; മുതിർന്ന ജഡ്‌ജിയുടെ ഇടപെടൽ ഉണ്ടായെന്ന് മുൻ സിബിഐ ഡയറക്‌ടർ