മുംബൈ: മുകേഷ് അംബാനിയുടെ വീടിനു മുന്നിൽ കാറിൽ സ്ഫോടക വസ്തു കണ്ടെത്തിയ കേസിൽ അറസ്റ്റിലായ മുംബൈ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ സച്ചിൻ വാസി ഓടിച്ചു എന്ന് പറയപ്പെടുന്ന കാർ എൻഐഎ പിടിച്ചെടുത്തു. ഒരു കറുത്ത മെഴ്സിഡസ് ബെൻസ് കാറാണ് പിടിച്ചെടുത്തത്.
മുംബൈ ക്രൈംബ്രാഞ്ച് ഓഫീസിന് സമീപമുള്ള ക്രോഫോർഡ് മാർക്കറ്റിന് സമീപമുള്ള കാർ പാർക്കിംഗിൽ നിന്നാണ് ചൊവ്വാഴ്ച എൻഐഎ മെഴ്സിഡസ് കാർ കണ്ടെടുത്തത്. അംബാനിയുടെ വസതിയായ ആന്റിലക്ക് സമീപം പാർക്ക് ചെയ്തിരുന്ന സ്ഫോടക വസ്തു നിറച്ച എസ്യുവിയുടെ യഥാർഥ നമ്പർ പ്ളേറ്റ് ഈ കാറിൽ നിന്ന് കണ്ടെടുത്തതായി എൻഐഎ പറഞ്ഞു.
“എൻഐഎ ഇന്ന് ഒരു കറുത്ത മെഴ്സിഡസ് ബെൻസ് കാർ പിടിച്ചെടുത്തു. എസ്യുവിയുടെ യഥാർഥ നമ്പർ പ്ളേറ്റ്, 5 ലക്ഷം രൂപ, ഒരു നോട്ട് കൗണ്ടിംഗ് മെഷീൻ, കുറച്ച് വസ്ത്രങ്ങൾ എന്നിവ ഞങ്ങൾ കാറിൽ നിന്ന് കണ്ടെടുത്തു. സച്ചിൻ വാസി ഈ കാർ ഓടിച്ചിരുന്നു. കാറിന്റെ യഥാർഥ ഉടമയെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്,”- മുതിർന്ന എൻഐഎ ഉദ്യോഗസ്ഥൻ അനിൽ ശുക്ള മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഫെബ്രുവരി 25നാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ ബഹുനില വസതിയായ ആന്റിലക്ക് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയത്. വാഹനത്തില്‍ നിന്ന് 20 ജലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണിസന്ദേശവും പോലീസ് കണ്ടെടുത്തിയിരുന്നു. മുകേഷ് അംബാനിക്കും, ഭാര്യ നിത അംബാനിക്കുമുള്ള ഭീഷണിക്കത്താണ് കാറിൽ നിന്നും പോലീസ് കണ്ടെടുത്തത്.
സംഭവത്തില്‍ സച്ചിന് വാസിന് നേരിട്ട് പങ്കുണ്ടെന്നാണ് എന്‍ഐഎ നിലപാട്. സ്ഫോടക വസ്തുക്കൾ നിറച്ച് ഉപേക്ഷിച്ച കാറിന്റെ ഉടമയെ സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. താനെ സ്വദേശിയായ മൻസൂക് ഹിരണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെ വാസി കൊലപ്പെടുത്തി എന്നാണു ഹിരണിന്റെ ഭാര്യയുടെ ആരോപണം.
അതേസമയം, തന്നെ സഹപ്രവര്‍ത്തകരായ പോലീസുകാര്‍ കെണിയില്‍ കുടുക്കിയെന്നും സംഭവത്തിൽ പങ്കില്ലെന്നും സച്ചിന് വാസി പറഞ്ഞു. വാസിയെ ബലിയാടാക്കുക ആണെന്നും ഹിരണിന്റെ ഭാര്യയെ ചിലർ ആയുധമാക്കുക ആണെന്നും ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരൻ ബോംബെ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകിയിട്ടുണ്ട്.
Also Read: കർഷക സമരം; ചർച്ച തുടരണമെന്ന് രാജ്നാഥ് സിങ്, വഴിതുറക്കേണ്ടത് സർക്കാരെന്ന് കർഷകനേതാക്കൾ







































